pbc

ആലപ്പുഴ: തൊട്ടതെല്ലാം പൊന്നാക്കി ജലമേളകളിൽ വീരചരിതം രചിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇനി ലക്ഷ്യം ഡബിൾ ഹാട്രിക്ക്. തുടർച്ചയായി നാല് തവണ നെഹ്റുട്രോഫി സ്വന്തമാക്കിയതിന് പിന്നാലെ ചാമ്പ്യൻസ് ബോട്ട് ലീഗിലും ഹാട്രിക്ക് വിജയമാണ് പി.ബി.സി സ്വന്തമാക്കിയത്. പരിക്കേറ്റിട്ടു പോലും വിജയ വഴിയിൽ ഒപ്പം നിന്ന വീരു എന്ന വീയപുരം ചുണ്ടനിൽ തന്നെ വരും വർഷങ്ങളിൽ പി.ബി.സി അങ്കത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ശനിയാഴ്ച്ച കൊല്ലത്ത് നടന്ന പ്രസിഡന്റ്സ് ട്രോഫിയിലും മുത്തമിട്ടതോടെയാണ് ഇക്കൊല്ലത്തെ സി.ബി.എല്ലിന്റെ വിജയികളായും പി.ബി.സി മാറിയത്. 116 പോയിന്റാണ് സ്വന്തമാക്കിയത്. 109 പോയിന്റുമായി കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബിനാണ് രണ്ടാം സ്ഥാനം. സി.ബി.എല്ലിന്റെ 12 മത്സരങ്ങളിൽ എട്ടെണ്ണത്തിലും പള്ളാത്തുരുത്തിക്കൊപ്പമായിരുന്നു വിജയം. ആലപ്പുഴ നഗരത്തോട് ചേർന്ന് കിടക്കുന്ന പള്ളാത്തുരുത്തി കരയുടെ അഭിമാനമായ പി.ബി.സി ക്ലബ്ബിലെ ഭൂരിപക്ഷം അംഗങ്ങളും തദ്ദേശീയരാണ്. ചുരുക്കം ചിലരാണ് മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളത്. അവിടെയും, മലയാളികളല്ലാതെ മറ്റ് പ്രൊഫഷണലുകളെ ടീമിൽ ഉൾപ്പെടുത്തില്ലെന്ന ദൃഢനിശ്ചയവും പി.ബി.സിക്കുണ്ട്. ഒന്നാം തുഴക്കാരൻ വരുൺ ശർമ്മ മുതൽ ഒന്നാം പങ്കായക്കാരൻ ഷാജി വരെ ഒട്ടുമിക്കവരും കൃഷി ഉപജീവനമാക്കിയവരാണ്. കുട്ടനാട് തൈക്കൽ കുടുംബാംഗമായ അലൻ മൂന്ന് തൈക്കലും, മകൻ പത്തു വയസ്സുകാരൻ എയ്ഡൻ കോശി അലൻ മൂന്നുതൈക്കലുമാണ് പി.ബി.സിയുടെ ടീം ക്യാപ്ടൻമാർ.

പരിക്കിൽ നിന്ന് വിജയക്കുതിപ്പിലേക്ക്

സി.ബി.എൽ സീസണിലെ പതിനൊന്നാം മത്സരത്തിൽ വീയപുരം ചുണ്ടന് ഒരു ബോട്ടുമായി കൂട്ടിയിടിച്ച് അപകടം നേരിട്ടിരുന്നു. ഈ പരിക്കിൽ നിന്ന് കരകയറിയാണ് അവസാന മത്സരത്തിൽ കുതിച്ച് മുന്നേറിയത്. മൂന്ന് സി.ബി.എൽ സീസണുകളിലായി 36 മത്സരങ്ങളിൽ 27ലും വിജയം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനായിരുന്നു. പി.ബി.സി കോവലം കളിക്കാരുടെയോ, സംഘാടകരുടെയോ മാത്രം വികാരമല്ല. പള്ളാത്തുരുത്തി എന്ന ഗ്രാമത്തിന്റെ മുഴുവൻ പ്രാർത്ഥനയും ഈ ക്ലബ്ബിനൊപ്പമുണ്ട്. ഹാട്രിക് വിജയങ്ങൾ സ്വന്തമാക്കിയതോടെ പള്ളാദത്തുരുത്തി ആറിന്റെ ഇരു കരകളിലും ജനങ്ങൾ ദീപം തെളിച്ചും വെടിക്കെട്ടും നടത്തിയാണ് വിജയം ആഘോഷിച്ചത്.