beach

ആലപ്പുഴ : ആഘോഷദിനങ്ങളെ വരവേൽക്കാൻ ആലപ്പുഴ ബീച്ച് ഒരുങ്ങുന്നു. വെള്ളിയാഴ്ച്ച മുതൽ മറൈൻ എക്സ്പോയ്ക്ക് ബീച്ചിൽ തുടക്കമാകും. ഇതിന്റെ ഭാഗമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷ അവസാനിക്കുന്നതോടെയാവും ഇവിടേയ്ക്ക് തിരക്ക് വർദ്ധിക്കുക. ക്രിസ്മസ് - പുതുവത്സരത്തോട് അനുബന്ധിച്ച് ബീച്ച് ഫെസ്റ്റ് കൂടി ആരംഭിക്കുന്നതോടെ ബീച്ചിലേക്ക് പ്രതിദിനം ആയിരക്കണക്കിന് ആളുകൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമാന്തര ബൈപ്പാസിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഇതിന്റെ ഇടയിൽ കൂടി വേണം ജനങ്ങൾക്ക് ബീച്ചിലേക്ക് എത്താൻ. നിർമ്മാണ സാമഗ്രികൾ റോഡിന്റെ വശങ്ങളിൽ ഉൾപ്പെടെ കൂട്ടിയിട്ടിരിക്കുന്നതിനാൽ കൂടുതൽ വെളിച്ചത്തിനുള്ള ക്രമീകരണം മുൻകൂട്ടി ഒരുക്കണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

പാർക്കിംഗ് തലവേദനയാകും

തിരക്ക് കൂടുന്ന ദിവസങ്ങളിൽ ബീച്ചിലെത്തുന്നവരുടെ വാഹന പാർക്കിങ്ങ് വലിയ തലവേദനയായി മാറും. ബൈപ്പാസിന് താഴെയാണ് നിലവിൽ പേ ആൻഡ് പാർക്ക് സംവിധാനമുള്ളത്. ഇത് കൂടാതെ തിരക്ക് കണക്കിലെടുത്ത് റിക്രിയേഷൻ ഗ്രൗണ്ടിലും പാർക്കിങ്ങ് അനുവദിക്കാറുണ്ട്. എന്നാൽ ഒരേ സമയം മറൈൻ എക്സ്‌പോയും, ബീച്ച് ഫെസ്റ്റും വരുന്നതിനാൽ തിരക്ക് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്. മുൻ വർഷങ്ങളിൽ പുതുവർഷാഘോഷം മാത്രം നടക്കുന്ന വേളയിൽപ്പോലും ജനങ്ങൾ ബീച്ചിലേക്ക് എത്താൻ പ്രയാസപ്പെടാറുണ്ട്.

പൊലീസ് മുൻകൂട്ടി പ്ലാൻ തയാറാക്കി ഗതാഗത, വാഹന പാർക്കിങ്ങ് സൗകര്യങ്ങൾ ഒരുക്കണം. അല്ലാത്ത പക്ഷം ജനങ്ങൾ തിങ്ങിക്കൂടി ദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബീച്ച് റോഡിൽ നിർമ്മാണ സാമഗ്രികൾ കിടക്കുന്നതും അപകടമാണ്

-ഖാദർ കുഞ്ഞ്, ബീച്ച് വാർഡ്