ആലപ്പുഴ : കൊവിഡ് കാലത്ത് നഷ്ടപ്പെട്ട അവസരം തിരിച്ചുകിട്ടുന്നതിന് പി.എസ്.സി ക്ലാർക്ക്
പരീക്ഷയിൽ പ്രായപരിധി ഇളവ് അനുവദിച്ച് അനുബന്ധ വിജ്ഞാപന പ്രസിദ്ധീകരിക്കണമെന്ന് ഉദ്യോഗാർത്ഥികൾ. ഇതിനൊപ്പം, വരാനിരിക്കുന്ന ലാസ്റ്റ് ഗ്രേഡിനും രണ്ട് വർഷത്തെ ഇളവ് അനുവദിക്കണമെന്നതാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. 2021, 2022ൽ പ്രായപരിധി പിന്നിട്ടവരാണ് സർക്കാരിനും പി.എസ്.സിക്കും നിവേദനം നൽകി കാത്തിരിക്കുന്നത്. അതേസമയം, ക്ലാർക്കിന്റെ പുതിയ വിജ്ഞാപനത്തിൽ പ്രായപരിധിയിൽ ഇളവുകളൊന്നും അനുവദിച്ചിട്ടില്ല. ലാസ്റ്റ് ഗ്രേഡ് സർവന്റിന്റെ വിജ്ഞാപനം 15ന് പ്രസിദ്ധീകരിക്കും. നാല് വർഷത്തിന് ശേഷമാണ് ഈ തസ്തികകളിലേക്ക് വിജ്ഞാപനം വരുന്നത്. ഈ വർഷം പ്രായപരിധി കഴിയുന്നവർക്ക് ആശ്വാസമാണ് വർഷാവസാനത്തെ വിജ്ഞാപനങ്ങൾ. 2019 ഡിസംബറിലാണ് ലാസ്റ്റ്ഗ്രേഡ് സർവന്റ്‌റിന്റെ കഴിഞ്ഞ വിജ്ഞാപനം വന്നത്. പത്താം ക്ലാസ് യോഗ്യതയുള്ളവരുടെ വലിയ പ്രതീക്ഷയാണ് ഈ അവസരം. ഉയർന്ന യോഗ്യതകളുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകില്ല.
പ്രായപരിധി പാരയായത്
1.കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണം ഉണ്ടായിരുന്നതുകൊണ്ട് ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ നടപടിക്രമങ്ങൾ വൈകി
2.ലക്ഷക്കണക്കിന് അപേക്ഷകരുണ്ടായിരുന്നതിനാൽ വലിയ പരീക്ഷകൾ നടത്താൻ അന്ന് സർക്കാരിന്റെ പ്രത്യേക അനുമതി വേണമായിരുന്നു. ഒരുവർഷത്തിലേറെ കഴിഞ്ഞാണ് പ്രാഥമിക പരീക്ഷയെഴുതാനായത്.
3.പിന്നെയും ഒമ്പതുമാസത്തോളം കഴിഞ്ഞായിരുന്നു മുഖ്യപരീക്ഷ. ഒമ്പതുമാസം കഴിഞ്ഞപ്പോൾ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. മാസങ്ങളോളം റാങ്ക്പട്ടിക നിലവിലില്ലാത്ത സ്ഥിതിയുണ്ടായി
4.ഒരു റാങ്ക്പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന്റെ പിറ്റേന്ന് പുതിയ റാങ്ക്പട്ടിക നിലവിൽ വരുന്ന രീതിയായിരുന്നു മുമ്പുണ്ടായിരുന്നത്. ഈ ക്രമീകരണങ്ങളെല്ലാം തകിടംമറിഞ്ഞതോടെ വിജ്ഞാപനങ്ങൾക്കിടയിൽ വർഷങ്ങളുടെ ഇടവേളയുണ്ടായി
ഇളവ് നൽകി മഹാരാഷ്ട്രയും ഗുജറാത്തും
കൊവിഡ് കാലത്തെ പ്രതിസന്ധികാരണം അവസരം നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അനുകൂല നിലപാടാണ് മദ്ധ്യപ്രദേശ്, ഗുജറാത്ത് സർക്കാരുകൾ സ്വീകരിച്ചത്. മദ്ധ്യപ്രദേശിൽ പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് സർക്കാർ ഒരു വർഷത്തെ ഇളവും അനുവദിച്ചിരുന്നു.
കൊവിഡ് കാരണം നഷ്ടപ്പെട്ട അവസരം വീണ്ടെടുക്കുന്നതിന് പുതിയ വിജ്ഞാപനങ്ങളിൽ പ്രായപരിധി ഇളവ് അനുവദിക്കണം
- ദിവ്യ, ഉദ്യോഗാർത്ഥി