ആലപ്പുഴ : പക്ഷിപ്പനിയെത്തുടർന്ന് കഴിഞ്ഞ സീസണിൽ കൊന്ന താറാവുകൾക്കുള്ള നഷ്ടപരിഹാരമായി ഇനിയും വിതരണം ചെയ്യാനുള്ളത് 1.11 കോടിയിലധികം രൂപ. താറാവുകൾ ഉൾപ്പെടെ 2022ഒക്ടോബർ മുതൽ 2023 ജനുവരി വരെ 56,881 പക്ഷികളെയാണ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കൊന്നത്. ഇതിന് പുറമേ 9,881പക്ഷികൾ ചത്തു. .പക്ഷിപ്പനി ബാധിച്ച പക്ഷികളുടെ

നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് നൽകുന്നത്.

സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പിന് നൽകിയ വിവിധ ഫണ്ടുകൾ എടുത്തായിരുന്നു നഷ്ടപരിഹാരത്തുക വിതരണം ചെയ്തിരുന്നത്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം വകുപ്പിന് വേണ്ടത്ര ഫണ്ട് അനുവദിക്കാതിരുന്നതിനാലാണ് നഷ്ടപരിഹാരത്തുക വിതരണം മുടങ്ങിയത്. കഴിഞ്ഞ വർഷം പന്നിപ്പനിയെ തുടർന്ന് കോർപ്പസ് ഫണ്ടിൽ നിന്നുള്ള പലിശ തുക പൂർണ്ണമായും മേഖലയിലെ പ്രതിരോധ പ്രവർത്തനത്തിനും നഷ്ടപരിഹാരത്തിനുമായി വിനിയോഗിച്ചതാണ് താറാവ് കർഷകരുടെ നഷ്ടപരിഹാരം വൈകിപ്പിച്ചത്. കർഷകർ പലിശയ്ക്കും സ്വകാര്യ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തുമാണ് പ്രതീക്ഷയോടെ താറാവുകളെ വളർത്തിയത്.

2014ൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ താറാവ് കർഷക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ, 60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം തീരുമാനിച്ചത്. നിലവിൽ, ഒരു ദിവസം പ്രായമായ താറാവിന്റെ വില 23ൽ നിന്ന് 34 ആയി. തീറ്റയ്ക്കും വാക്‌സിനും വില കൂടി. അതിനാൽ നഷ്ടപരിഹാരത്തുക യഥാക്രമം 125ഉം 250ഉം രൂപയാക്കണമെന്നാണ് ആവശ്യം. ജില്ലയിൽ 1000ൽ അധികം താറാവ് കർഷകർ മുമ്പ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 200ൽ താഴെയായി കുറഞ്ഞു.

വിനയായത് സാമ്പത്തിക പ്രതിസന്ധി

 കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മൃഗസംരക്ഷണ വകുപ്പിന് വേണ്ടത്ര ഫണ്ട് അനുവദിക്കുന്നില്ല

 മുൻ വർഷങ്ങളിലെ കേന്ദ്ര വിഹിതത്തിൽ നല്ലൊരു തുക ലഭിക്കാനുണ്ടെന്നാണ് വകുപ്പ് ചൂണ്ടിക്കാട്ടുന്നു

 കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാത്തതിനാൽ കോർപ്പസ് ഫണ്ടിന്റെ പലിശ ഉപയോഗിച്ചാണ് നഷ്ടപരിഹാരം നൽകിയിരുന്നത്

 നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് നൽകുന്നത്

ആകെ കൊന്ന താറാവുകൾ : 56,881

പക്ഷിപ്പനി ബാധിച്ച് ചത്തവ : 9,881

നൽകാനുള്ള നഷ്ടപരിഹാരം: 1.11കോടി

നഷ്ടപരിഹാരത്തുക

രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ള താറാവുകൾക്ക്: 200രൂപ

രണ്ട് മാസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് : 100രൂപ

"കഴിഞ്ഞ സീസണിൽ രോഗം ബാധിച്ച് മരിച്ചതും കൊന്നതുമായ 68,000 താറാവുകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അടിയന്തരമായി വിതരണം നടത്തണം

- അഡ്വ. ബി.രാജശേഖരൻ, സംസ്ഥാന പ്രസിഡന്റ്, ഐക്യതാറാവ് കർഷക സംഘം

"തീറ്റയ്ക്കും പ്രതിരോധ വാക്‌സിനും ഉൾപ്പെടെ ഒരു താറാവിന് 350 രൂപയോളം ചെലവാകാറുണ്ട്. മൂന്നര മാസമാകുമ്പോൾ താറാവിന് 1.5 മുതൽ 2.5 കിലോവരെ തൂക്കം വയ്ക്കും. കിലോയ്ക്ക് 350 രൂപ നിരക്കിലാണ് വിൽക്കുന്നത്. നഷ്ടപരിഹാരമായി നാമമാത്ര തുകയാണ് ലഭിക്കുന്നത്.

- ജോർജ്ജ്, താറാവ് കർഷകൻ