ആലപ്പുഴ: വർഷങ്ങളുടെ ദുരിതയാത്രയ്ക്ക് താൽക്കാലിക പരിഹാരമെന്നോണം കല്ലുപാലം മുതൽ കൈതവന വരെയുള്ള റോഡിന്റെ വശങ്ങൾ കുഴി നികത്തി ടാർ ചെയ്തു. ഇരുവശങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് മൂലം കാൽനടയാത്രയും വാഹന യാത്രയും ഈ ഭാഗത്ത് ദുഷ്കരമായിരുന്നു. സഞ്ചരിക്കാൻ ആവശ്യത്തിന് സ്ഥലമില്ലാത്തത് മൂലം അന്യ സംസ്ഥാന തൊഴിലാളി രണ്ട് വർഷം മുമ്പ് ഇവിടെ വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു. ഇത് കൂടാതെ പൊടി ശല്യവും, വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥമില്ലാത്തതും വ്യാപാരികൾക്കും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇപ്പോൾ വശങ്ങളിൽ ടാർ ഇട്ടതോടെ റോഡിന് വീതി വർദ്ധിച്ചു. മുല്ലയ്ക്കൽ ചിറപ്പ് അടുത്തപ്പോൾ റോഡ് പുനരുദ്ധരിച്ചതിൽ നാട്ടുകാരും ആശ്വാസത്തിലാണ്.
ഉയരവ്യത്യാസം പ്രശ്നമാകും
റോഡിന്റെ പ്രധാന പ്രശ്നത്തിന് താൽക്കാലിക പരിഹാരമായെങ്കിലും, ടാറിട്ടതോടെ പുതിയ റോഡും പഴയ റോഡും സമനിരപ്പിലല്ലെന്നത് പോരായ്മയായി.നിരപ്പല്ലാത്ത റോഡിലെ യാത്ര പ്രധാനമായും ബാധിക്കുക ഇരുചക്ര വാഹന യാത്രികരെയാകും. കൈതവന ഭാഗത്ത് റോഡ് ഉയർന്നതോടെ താഴ്ച്ചയിലായ കാനയ്ക്ക് മൂടി സ്ഥാപിച്ചിട്ടില്ല. റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിടുന്ന വേളയിൽ കാനയും റോഡിനൊപ്പം ഉയർത്തി മൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം. കാന തുറന്ന് കിടക്കുന്നത് മൂലം പകർച്ചവ്യാധി ഭീഷണിയടക്കം ഉയരുന്നുണ്ട്.
ചന്ദനക്കാവ്- കൈതവന ഭാഗത്തെ കാന റോഡവശിഷ്ടങ്ങൾ വീണ് അടഞ്ഞ് വെള്ളം കെട്ടി നിന്ന് പകർച്ചവ്യാധി ഭീഷണി ഉയർത്തുകയാണ്. പരിഹാരം ആവശ്യപ്പെട്ട് നിരവധിത്തവണ പി.ഡബ്ല്യു.ഡി അധികൃതർക്ക് പരാതി നൽകിയതാണ്
- ചന്ദനക്കാവ് പ്രദേശവാസികൾ