
ചേർത്തല: ഉഴുവ സർവീസ് സഹകരണബാങ്കിന്റെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം 18ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് അഡ്വ.എം.ലിജു മന്ദിര ഉദ്ഘാടനം നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും.നവീകരിച്ച കൗണ്ടർ ഉദ്ഘാടനവും എസ്.എച്ച്.ജി അംഗങ്ങൾക്കുള്ള വായ്പാവിതരണവും ജോയിന്റ് രജിസ്ട്രാർ ജനറൽ ഷഹീമ മങ്ങയിൽ നിർവഹിക്കും.സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജിമോഹൻ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, താലൂക്ക് സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ എ.എസ്.സാബു എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാർ ഒ.ജെ.ഷിബു സോളാർ സംവിധാനം ഉദ്ഘാടനം ചെയ്യും. ജില്ലാ ബാങ്ക് മുൻ പ്രസിഡന്റ് നളന്ദാഗോപാലകൃഷ്ണൻനായർ മുൻ പ്രസിഡന്റുമാരുടെ ഫോട്ടോ അനാഛാദനം ചെയ്യും. ചേർത്തല അസിസ്റ്റന്റ് രജിസ്ട്രാർ എൽ.ജ്യോതിഷ്‌കുമാർ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. നബാർഡ് ഡി.ഡി.എം ടി.കെ.പ്രേംകുമാർ,കെ.പി.സി.സി സെക്രട്ടറി എസ്.ശരത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്.ജാസ്മിൻ,ഓമന ബാനർജി,എസ്.വി.ബാബു,അഡ്വ.കെ.ജെ.സണ്ണി,ടി.എസ്.രഘുവരൻ,എൻ.പി.ഷിബു,എം.സി.സിദ്ധാർത്ഥൻ,അഭിലാഷ് മാപ്പറമ്പിൽ,രവീന്ദ്രൻ അഞ്ജലി തുടങ്ങിവർ പങ്കെടുക്കും.
75 കോടി നിക്ഷേപം, 66 കോടി വായ്‌പ
ജില്ലയിലെ ഏറ്റവും നല്ലസഹകരണ ബാങ്കിനുള്ള പ്രശസ്തി പത്രവും കാഷ് അവാർഡും ലഭിച്ചിട്ടുള്ള ബാങ്ക്, ജില്ലയിൽ ആദ്യമായി സേഫ് ലോക്കർ സൗകര്യവും സ്വർണപ്പണയ വായ്പയും ഏർപ്പെടുത്തി. 75 കോടിയുടെ നിക്ഷേപവും 66 കോടിയുടെ നിൽപ്പ് വായ്പയുമുള്ള ബാങ്കിൽ മുക്കണ്ണൻ കവല,വറമൂട് ബ്രാഞ്ചുകളിലും ഹെഡ് ഓഫീസിലുമായി 56ലധികം വനിത, പുരുഷ സ്വയംസഹായസംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് ഹെഡ് ഓഫീസും ബ്രാഞ്ചുകളും പൂർണമായി കമ്പ്യൂട്ടർ വത്കൃതമായ കോർ ബാങ്കിംഗ് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. സോളാർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനിക വത്കരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ നാഷണൽ അഗ്രികൾച്ചറൽ ഇൻഫ്രാ,ഫൈനാൻസിംഗ് ഫെസിലിറ്റിയിൽ ഉൾപ്പെടുത്തി ഉഴുവ അഗ്രി സെന്റർ എന്ന പേരിൽ പ്രോജക്ട് ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി പ്രസിഡന്റ് കെ.ആർ.രാജേന്ദ്ര പ്രസാദ് പറഞ്ഞു.