ആലപ്പുഴ: ദേശീയപാതയ്ക്ക് ഇരുവശവുമായി നവീകരിച്ച പഴയ കെട്ടിടങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നമ്പർ അനുവദിക്കാത്തത് ഉടമകൾക്ക് കുരുക്കാകുന്നു. ദേശീയപാത നവീകരണത്തെത്തുടർന്ന് പൊളിച്ചു നീക്കിയ കെട്ടിടത്തിന്റെ ശേഷിച്ച ഭാഗം കെട്ടിയുറപ്പിച്ചെടുത്ത വീടുകളും കടകളുമാണ് നമ്പരിന് അപേക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിലുള്ളത്. തദ്ദേശ സ്ഥാപനങ്ങൾ നമ്പർ നൽകിയാൽ മാത്രമേ ലൈസൻസ് ആവശ്യമായ വ്യാപാരസ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയ്ക്ക് നിയമാനുസൃതം പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.

ദേശീയ പാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തെ പൊളിച്ച കെട്ടിടങ്ങളുടെ ബാക്കി ഭാഗം നവീകരിച്ച

പ്പോൾ പ്രത്യേക അനുമതി വാങ്ങിയിരുന്നില്ല. മൂന്ന് മീറ്റർ അകലം വേണമെന്ന മാനദണ്ഡം പാലിക്കാതെയാണ്

ഭൂരിഭാഗം പേരും കെട്ടിടങ്ങൾ നവീകരിച്ചത്. അതിനാൽ,​ കെട്ടിട നമ്പരിന് ഓൺലൈനായി
അപേക്ഷിക്കുമ്പോൾ നിശ്ചിത അകലം പാലിച്ചിട്ടുണ്ടോയെന്ന കോളം പൂരിപ്പിക്കാൻ കഴിയുന്നില്ല. ഇതോടെ അപേക്ഷകൾ തിരസ്‌ക്കരിക്കപ്പെടും. നേരിട്ട് വാങ്ങരുതെന്ന് വകുപ്പിന്റെ നിർദ്ദേശമുള്ളതിനാൽ ഉദ്യോഗസ്ഥർ അപേക്ഷകൾ സ്വീകരിക്കുന്നുമില്ല. ഇതോടെ കെട്ടിട നികുതിയിനത്തിൽ തദ്ദേശ സഞ്ഞഥാപനങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദൂരപരിധിയുടെ കാര്യത്തിൽ ദേശീയപാത അതോറിട്ടി ഇവിടെ മാത്രമായി എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യുമെന്ന പ്രതീക്ഷ അവർക്കില്ല.

തടസം പരിധി മാനദണ്ഡം

1.ദേശീയപാതയ്ക്കായി പൊളിച്ച കെട്ടിടങ്ങൾ നവീകരിച്ചപ്പോൾ അനുമതി വാങ്ങിയിരുന്നില്ല

2.പാതയിൽ നിന്ന് മൂന്ന് മീറ്റർ അകലം വേണമെന്ന നിബന്ധന കെട്ടിടനവീകരണത്തിൽ പലരും പാലിച്ചിട്ടില്ല

3.നിശ്ചിത അകലം പാലിക്കപ്പെടാത്തതിനാൽ കെട്ടിട നമ്പരിനുള്ള ഓൺലൈൻ അപേക്ഷ നിരസിക്കപ്പെടും

4.നിബന്ധനയിൽ എന്തെങ്കിലും ഇളവു വരുത്തേണ്ടത് ദേശീയ പാത അതോറിട്ടി

1000 : തുറവൂർ മുതൽ ഓച്ചിറ വരെ ആയിരത്തിൽപ്പരം കെട്ടിട ഉടമകളാണ് കെട്ടിട നമ്പർ കിട്ടാതെ പെരുവഴിയിലായത്

നിയമത്തിൽ കുരുങ്ങി

പടിഞ്ഞാറ് തീരദേശപരിപാലന നിയമവും കിഴക്ക് ഉൾനാടൻ ജലഗതാഗത നിയമവും ഇതിനിടയിൽ ദേശീയപാത നിയമവും പാലിക്കേണ്ടിവരുന്ന തീരദേശ പഞ്ചായത്തിലെ കെട്ടിടം ഉടമകളാണ് ഏറ്റവും കൂടുതൽ വലയുന്നത്. തീരദേശപരിപാലന നിയമപ്രകാരം 500ഉം ഉൾനാടൻ ജലഗതാഗത നിയമപ്രകാരം 100ഉം എൻ.എച്ച്.ഐ ആക്ട് പ്രകാരം 3 മീറ്ററും അകലവും പാലിക്കേണ്ടതുണ്ട്. ഈ നിയമമെല്ലാം ഒരുമിച്ച് പാലിക്കാനുള്ള വിസ്തീർണം വസ്തുവില്ലാത്തതിനാൽ പലരും അനുമതിയില്ലാതെയാണ് കെട്ടിടങ്ങൾ പുതുക്കി പണിയുന്നത്.

പഞ്ചായത്തുകളുടെ തനത് വരുമാനമായ കെട്ടിട നികുതി 40 മുതൽ 65ശതമാനം വരെ കുറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നവകേരള സദസിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് സമിതി പരാതി നൽകും.

എ.എസ്.സുദർശനൻ, പ്രസിഡന്റ്, പുറക്കാട് ഗ്രാമപഞ്ചായത്ത്

ദേശീയപാത വികസനത്തിന്റെ ഭാഗമായി കച്ചവടം കാര്യമായി കുറഞ്ഞു. ഇത് കൂടാതെ നവീകരിച്ച കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കാത്ത അധികാരികളുടെ നടപടി പ്രതിഷേധാർഹമാണ്

ഐ.ഹലീൽ, ജില്ലാ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി