മാവേലിക്കര : ഗവ.വൊക്കേഷണൽ ബോയ്സ് എച്ച്.എസ്.എസിന്റെ ബലക്ഷയത്തിലായ ചുറ്റുമതിലും കവാടവും പുനർനിർമിക്കാൻ എം.എസ് അരുൺകുമാർ എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം അനുവദിച്ചു. ഡിസംബർ രണ്ടിന് പുലർച്ചെ മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണിരുന്നു.
മതിൽ പൊളിച്ചു പണിയാൻ മാവേലിക്കര നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഡിസംബർ നാലിന് ജില്ലാ കളക്ടർ ഉത്തരവിടുകയും ചെയ്തു. പ്രിൻസിപ്പലിന്റെ നവംബർ 28 ലെ കത്തിന്റെയും മാവേലിക്കര തഹസീൽദാരുടെ ഡിസംബർ 2 ലെ കത്തിന്റെയും മാവേലിക്കര നഗരസഭാ എൻജിനീയറുടെ മെയ് 27 ലെ ഫിറ്റ്നസ് സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.
മതിൽ അപകടാവസ്ഥയിലാണെന്നും കുറച്ചുഭാഗം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണിട്ടുള്ളതാണെന്നും പലഭാഗങ്ങളും ജീർണിച്ച് ചരിഞ്ഞ് വീഴാറായ നിലയിലാണെന്നും മാവേലിക്കര തഹസീൽദാർ റിപ്പോർട്ട് ചെയ്തിരുന്നു. സ്‌കൂൾകുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ മുൻനിർത്തിയാണ് ജില്ലാ ദുരന്തനിവാരണ നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ഉത്തരവിട്ടത്.
നവകേരള സദസുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുമ്പ് മാവേലിക്കര പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന സ്‌കൂൾ പാർലമെന്റിൽ വിദ്യാർത്ഥികൾ മതിലിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി, പുതിയ മതിൽ നിർമിച്ചു നൽകണമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എയോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് മാവേലിക്കര നഗരസഭയ്ക്ക് എം.എൽ.എ കത്ത് നൽകിയെങ്കിലും ഭരണസമിതി കത്ത് പരിഗണിച്ചില്ല. മതിൽ പൊളിച്ചു പുനർനിർമിക്കണമെന്ന കളക്ടറുടെ ഉത്തരവ് വന്ന ശേഷം, നഗരസഭക്ക് ഫണ്ടില്ലെന്ന് സെക്രട്ടറി ഇൻചാർജ് കളക്ടർക്ക് കത്തു നൽകിയ സാഹചര്യത്തിലാണ് മതിൽ പുനർനിർമിക്കാൻ എം.എൽ.എ തുക അനുവദിച്ചത്.