kaliman-pathranirmmanam

മാന്നാർ: നവകേരളസദസിനു മുന്നോടിയായി മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ "പരമ്പരാഗത വ്യവസായങ്ങളും സാദ്ധ്യതകളും" എന്ന വിഷയത്തിൽ നടത്തിയ സെമിനാർ കാലഹരണപ്പെടുന്ന പരമ്പരാഗത വ്യവസായങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ നേർക്കാഴ്ച കൂടിയായി. കുരട്ടിക്കാട് ശ്രീഭുവനേശ്വരി ക്ഷേത്രം ഓഡിറ്റോറിയത്തിലായിരുന്നു സെമിനാർ. പരമ്പരാഗത നിർമ്മാണ തൊഴിലാളികളുടെ ഉല്പന്നങ്ങളായ
വെങ്കല പാത്രങ്ങൾ, കരകൗശല വസ്തുക്കൾ, കളിമൺ പാത്രങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഇതോടൊപ്പം നടത്തി. തലമുറകളായി മൺപാത്ര നിർമ്മാണം കുലത്തൊഴിലായി തുടർന്നു കൊണ്ടുപോകുന്ന തൊഴിലാളികളുടെ മൺപാത്ര നിർമ്മാണം ഏറെ ശ്രദ്ധേയമായി. അസംസ്കൃത വസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവും, പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കടന്നുകയറ്റവും പ്രതിസന്ധിയിലാക്കിയ കളിമൺപാത്ര നിർമ്മാണ മേഖലയെ പരിപോഷിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പിന്റെ റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ സഹായത്തോടെ കല്ലിശ്ശേരിയിൽ ആരംഭിച്ച മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിൽ നിന്നുള്ള 85 ദിവസത്തെ ട്രെയിനിംഗ് പൂർത്തിയാക്കിയവരായിരുന്നു കളിമൺപാത്രങ്ങൾ നിർമ്മിച്ചത്.

ഇതിനായി മണ്ണ് അരയ്ക്കുന്നതിനും നിർമ്മാണത്തിനും ഉൾപ്പെടെയുള്ള യന്ത്രങ്ങൾ, മണ്ണ്, കച്ചി, തൊണ്ട്, വിറക്, പഠിതാക്കൾക്കുള്ള സ്റ്റൈപ്പന്റ്, ട്രെയിനർ ചാർജ് തുടങ്ങിയവയ്ക്കും ചൂള നിർമ്മാണത്തിനുമായി സർക്കാർ 9 ലക്ഷംരൂപ അനുവദിച്ചിരുന്നു. ഇനിയുള്ള പ്രവർത്തനങ്ങൾക്കും മെഷീനറികൾ വാങ്ങുന്നതിനും സഹായം ആവശ്യമാണ്. കളിമൺ പാത്രത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുവാൻ സാധിക്കുന്നതിലൂടെ ഈ മേഖലയിലുള്ള പ്രതിസന്ധിക്ക് മാറ്റം ഉണ്ടാകുമെന്നും ഇതിനായി സർക്കാർ മുൻകൈയെടുക്കണമെന്നും മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രം സെക്രട്ടറി സജിനി സതീഷ്, ജോ.സെക്രട്ടറി സജിനി മോഹൻ, വൈസ് പ്രസിഡന്റ് ഗീത നാരായണൻ കുട്ടി, യൂണിറ്റ് അംഗങ്ങളായ കുഞ്ഞൻ ശിവശങ്കരൻ, നാരായണൻ കുട്ടി, സുജാത ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.