tb

കായംകുളം : നവകേരള സദസിന് മുന്നോടിയായി കായംകുളം പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിന് മുന്നിലെ റോഡ് മോടിയാക്കൽ ഗവ.ആശുപത്രിയിലേക്കെത്തുന്ന രോഗികളുൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്ന് താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡാണ് റെസ്റ്റ് ഹൗസിന് മുൻവശത്തെ തക‌ർച്ച പരിഹരിക്കാൻ പൊളിച്ചത്.

പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നവീകരണം. റെസ്റ്റ് ഹൗസ് കവാടത്തിൽ രണ്ട് ഭാഗത്തായി ഏറെ നാളായി കോൺക്രീറ്റ് ബ്ളോക്കുകൾ ഇടിഞ്ഞുതാഴ്ന്ന നിലയിലായിരുന്നു. ഇരുചക്ര വാഹനയാത്രക്കാരും മറ്റും മഴയത്ത് കുഴിയിൽപ്പെട്ട് അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. ഏറെനാളായി തകർന്ന് കിടന്ന റോഡ് നവകേരള സദസിന് മുന്നോടിയായാണ് ഇന്നലെ രാവിലെ പൊളിച്ചത്. മതിയായ മുന്നറിയിപ്പുകളോ ഡിവീയേഷൻ ബോ‌ർഡുകളോ സ്ഥാപിക്കാതെയാണ് കരാറുകാരൻ പണിനടത്തിയതെന്നാണ് ഡ്രൈവർമാരുടെ ആക്ഷേപം.

ഗതാഗതക്കുരുക്കും രൂക്ഷം

1. പ്രവൃത്തിദിനമായ ഇന്നലെ രാവിലെ മുന്നറിയിപ്പുകളൊന്നും കൂടാതെ റോഡ് പൊളിച്ചത് യാത്രക്കാരെ വലച്ചു

2. അവധിദിവസങ്ങളിലായിരുന്നു റോഡ് നവീകരണമെങ്കിൽ ദുരിതമാകുമായിരുന്നില്ല. ഗതാഗത കുരുക്കും ഒഴിവാക്കാമായിരുന്നു.

3. പഴയ കോൺക്രീറ്റ് ബ്ളോക്കുകൾ നീക്കി മണ്ണിട്ട് ഉയർത്തി പുതിയ ബ്ളോക്കുകൾ സ്ഥാപിക്കാനാണ് പദ്ധതി

4. നവകേരളസദസിന്റെ ഭാഗമായി മന്ത്രിമാർക്കുള്ള താമസ സൗകര്യം റെസ്റ്റ് ഹൗസിലാണ് സജ്ജമാക്കിയിരിക്കുന്നത്

ആശുപത്രിയിലെത്താനും വലഞ്ഞു

പുനലൂർ റോഡിൽ നിന്ന് കായംകുളം ബസ് സ്റ്റാന്റ് , ദേശീയ പാത , ഗവ ആശുപത്രി, കോടതികൾ, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കെത്തിയ യാത്രക്കാർ പുതിയിടം വഴി ദേശീയ പാതയിലെത്തി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ദേശീയപാതയിൽ നിന്ന് ഗവ. ആശുപത്രിയിലേക്കെത്തുന്ന വാഹനങ്ങൾ സ്വകാര്യ ബസ് സ്റ്റാന്റ് വഴി കറങ്ങിയാണ് രോഗികളുമായി എത്തേണ്ടിവന്നത്. സ്വകാര്യ സ്കൂളുകളുടേത് ഉൾപ്പെടെ സ്കൂൾ വാഹനങ്ങളും നഗരമാകെ ചുറ്റി. ആര്യങ്കാവ് ഡിപ്പോയിൽ നിന്ന് കായംകുളം വഴി എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ഗവ. ആശുപത്രിക്ക് പിന്നിലെ റോഡിലൂടെ ദേശീയപാതയിൽ പ്രവേശിക്കാനുള്ള ശ്രമത്തിനിടെ ഓടയിലകപ്പെടേണ്ടതായിരുന്നെങ്കിലും ഭാഗ്യത്തിനാണ് ദുരന്തം ഒഴിവായത്.

' ടി.ബി റോഡിലെ ഇന്റർലോക്ക് പ്രവൃത്തിയ്ക്കായാണ് റോഡ് അടച്ചത്. ഇന്ന് രാവിലെ മുതൽ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് കരുതുന്നത്'

- എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്