ആലപ്പുഴ: ക്രിസ്‌മസ്,​ പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിൽ സപ്ലൈകോ ഫെയറുകൾ ഇല്ലെന്ന് ഉറപ്പായി. പൊതുവിപണിയെക്കാൾ 50ശതമാനം വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തിരുന്ന ഫെയറുകൾ,​ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു.

ഉത്സവ സീസണുകളിൽ വിലക്കയറ്റം പിടിച്ച് നിർത്തുകയെന്നതാണ് ഫെയറുകൾ കൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ സാധാരണക്കാർക്ക് കൈത്താങ്ങായിരുന്ന സപ്ലൈകോ ഫെയറുകൾ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ഇല്ലാതാകുന്നത്. ജില്ലാതലത്തിലും താലൂക്ക് തലത്തിലുമാണ് മുമ്പ് ഫെയറുകൾ ആരംഭിച്ചിരുന്നത്. ഇതുകൂടാതെ സപ്ളെകോയുടെ ചില്ലറ വിൽപ്പന ശാലകളിലൂടെയും അവശ്യസാധനങ്ങൾ വിതരണം ചെയ്തിരുന്നു. സപ്ലൈകോയ്‌ക്ക് പുറമേ കൺസ്യൂമർ ഫെഡും ഹോർട്ടി കോർപ്പും വിലക്കുറവിൽ ചന്തകൾ തുറന്നിരുന്നു. ഇത്തവണ ഇവയും തുറന്നില്ല.

സ്റ്റോക്ക് വെളിച്ചെണ്ണ മാത്രം!

ചെറുപയർ, ഉഴുന്ന് പരിപ്പ്, കടല, വൻപയർ, തുവരപരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, പച്ചരി, അരലിറ്റർ വെളിച്ചെണ്ണ എന്നിവയാണ് സബ്സിഡിനിരക്കിൽ സപ്ലൈകോ ഔട്ട് ലെറ്റുകൾ വഴി വിതരണം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇതിൽ വെളിച്ചെണ്ണമാത്രമാണ് സ്റ്റോക്കുള്ളത്. സബ്സിഡി സാധനങ്ങളുടെ കുറവ് ഔട്ട്ലെറ്റുകളിലെ വിൽപ്പന കുത്തനേകുറഞ്ഞു. സൂപ്പർമാർക്കറ്റുകളിൽ പ്രതിദിന വരുമാനം 20,000രൂപയിൽ താഴെയായി. ഇതോടെ ദിവസവേതന ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.