dm

ആലപ്പുഴ: കൊവിഡ് കാലത്ത് നാടിന് പ്രാണവായുവേകിയ പീനിയ ഇൻഡസ്ട്രിയൽ ഗ്യാസ് ഉടമ കുട്ടനാട് കാവാലം നാരകത്തറ തെക്കേ കിളിയൻകാവ് വീട്ടിൽ ഡി. മധുസൂദനൻപിള്ളയുടെ (ഡി.എം.പിള്ള-71) സംസ്കാരം ഇന്ന്. കഴിഞ്ഞ ദിവസം ഡെറാഡൂണിൽ ബിസിനസ് മീറ്റിംഗിൽ പങ്കെടുക്കാനുള്ള യാത്രയ്‌ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബിരുദ പഠനത്തിന് ശേഷം ജോലി തേടി നാടുവിട്ട മധുസൂദനൻപിള്ള പതിറ്റാണ്ടുകളായി ബംഗളൂരുവിൽ പീനിയ ഇൻഡസ്ട്രിയൽ ഗ്യാസസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.

കൊവിഡിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായപ്പോൾ മധുസൂദനൻപിള്ളയാണ് നാടിന്റെ രക്ഷകനായത്. രോഗികൾക്കും ആശുപത്രികൾക്കും ഓക്സിജനെത്തിച്ച് അദ്ദേഹം നാടിന്റെ ജീവവായുവായി. 200 ടണ്ണിലേറെ ഓക്സിജനാണ് കേരളത്തിലെത്തിച്ചത്.

നാരകത്തറയെന്ന ഗ്രാമത്തിൽ ദാമോദരക്കുറുപ്പ് - പങ്കജാക്ഷിയമ്മ ദമ്പതികളുടെ മകനായ ഡി.എം. പിള്ള,​ 1980ൽ ബി.എസ്സി പഠനത്തിന് ശേഷം ജോലി തേടിയാണ് ബീഹാറിലെ റാഞ്ചിയിലെത്തിയത്. അവിടത്തെ സ്വകാര്യ കമ്പനിയിലും തുടർന്ന് ഡൽഹിയിലെ ഗ്യാസ് കമ്പനിയിലും ജോലി ലഭിച്ചു. പിന്നീട് ബംഗളൂരുവിലെത്തിയ അദ്ദേഹം പിനിയയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥാപനം തുടങ്ങി. 75 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി പിനിയ ഇൻ‌ഡസ്ട്രിയൽ ഗ്യാസസ് വളർന്നു. വ്യവസായങ്ങൾക്കുള്ള വാതകങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും ശാഖകളുണ്ട്.

ഡെറാഡൂണിൽ നിന്ന് ബംഗളൂരുവിലെ താമസസ്ഥലത്തെത്തിച്ച മൃതദേഹം വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 1.30ന് പീനിയയിലെ ശ്മശാനത്തിൽ സംസ്‌കരിക്കും. ഭാര്യ: പരേതയായ ഗീതാ പിള്ള. മക്കൾ: പ്രിയ എം. പിള്ള, ലക്ഷ്മി എം. പിള്ള. മരുമക്കൾ: ശ്രീകുമാർ, പ്രേംകൃഷ്ണ.

 നാട്ടിലെത്തിയത് ഒരുമാസം മുമ്പ്

ബിസിനസ് സംബന്ധമായ തിരക്കുകൾക്കിടയിലും സമയം കിട്ടുമ്പോഴെല്ലാം നാട്ടിലെത്താനും കുടുംബ വീട്ടിൽ താമസിക്കാനും മധുസൂദനൻപിള്ള ഇഷ്ടപ്പെട്ടിരുന്നു. ഒരുമാസം മുമ്പ് മകൾക്കൊപ്പം നാരകത്തറയിലെ വീട്ടിലെത്തിയിരുന്നു. ഭാര്യ ഗീതാപിള്ളയുടെ മരണശേഷം മക്കൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ ബംഗളൂരുവിലേക്ക് തിരിച്ചു.