അമ്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളിൽ വിതരണം മുടങ്ങിയില്ല

ആലപ്പുഴ: റേഷൻ കടകളിൽ സ്റ്റോക്കെത്തിക്കുന്ന വാതിൽപ്പടി വിതരണക്കാർ ഇന്നലെ മുതൽ സമരം ആരംഭിച്ചതോടെ ജില്ലയിലെ താലൂക്കുകളിൽ റേഷൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അമ്പലപ്പുഴ, ചെങ്ങന്നൂർ താലൂക്കുകളിൽ മാത്രമാണ് നിലവിൽ ഒരു വിഭാഗം വാതിൽപ്പടി വിതരണക്കാർ സമരത്തിൽ പെടുക്കാതെ റേഷൻ സാധനങ്ങൾ എത്തിക്കുന്നത്. സമരം നീണ്ടു പോവുകയാണെങ്കിൽ മറ്റ് താലൂക്കുകളിൽ റേഷൻ വിതരണം താളം തെറ്റും.

ഭക്ഷ്യധാന്യം വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ള കുടിശ്ശിക സപ്ലൈക്കോ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഭൂരിഭാഗം കരാറുകാരും സമരത്തിലേക്ക് കടന്നത്. കേരള ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷനാണ് നേതൃത്വം നൽകുന്നത്. എഫ്.സി.ഐ ഗോഡൗണിൽ നിന്ന് സപ്ലൈക്കോയുടെ സംഭരണശാലയിലേക്കും, അവിടെ നിന്ന് റേഷൻ കടകളിലേക്കുമുള്ള സ്റ്റോക്ക് വിതരണമാണ് തടസ്സപ്പെട്ടിരിക്കുന്നത്.

കിട്ടാനുള്ളത് രണ്ട് മാസത്തെ തുക

 കഴിഞ്ഞ രണ്ട് മാസത്തെ കരാർ തുകയാണ് വിതരണക്കാർക്ക് സപ്ലൈകോ നൽകാനുള്ളത്

 ഓരോ കരാറുകാരനും മുപ്പത് ലക്ഷത്തിലധികം രൂപ മാസംതോറും കിട്ടാനുണ്ടാകും

 തൊഴിലാളികൾക്കുള്ള വേതനവും ക്ഷേമനിധി വിഹിതവും കരാറുകാർ നൽകേണ്ടതുണ്ട്

 എല്ലാ മാസവും മൂന്നാം തിയതിക്ക് മുമ്പ് ക്ഷേമനിധി വിഹിതം അടയ്ക്കണമെന്നാണ് ബോർഡിന്റെ നിബന്ധന

 വൈകിയാൽ മൂന്ന് ശതമാനം പിഴ ഈടാക്കും. 6 മുതൽ മുതൽ പത്താം തിയതി വരെയാണ് വിഹിതം വൈകുന്നതെങ്കിൽ പിഴ പത്ത് ശമാനമാകും

സമരത്തിൽ ചേരാതെ ഒരു വിഭാഗം

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ഒപ്പം നിൽക്കേണ്ടത് കടമയാണെന്ന നിലപാട് സ്വീകരിച്ച് ഒരു വിഭാഗം കരാറുകാർ സമരത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ജില്ലയിലെ അമ്പലപ്പുഴ, ചെങ്ങന്നൂർ ഉൾപ്പടെ സംസ്ഥാനത്തെ അഞ്ച് താലൂക്കുകളിലാണ് സമരത്തിൽ പങ്കെടുക്കാത്തവർ സ്റ്റോക്ക് വിതരണം ചെയ്യുന്നത്.

ഒരു ക്വിന്റൽ റേഷൻ സാധനങ്ങൾ വാതിൽപ്പടി വിതരണത്തിന് കരാറുകാരന് ലഭിക്കുന്ന തുക: 32.50 രൂപ (തുക കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പങ്കിടും)

സംസ്ഥാനത്ത് കരാറുകാർക്ക് ലഭിക്കാനുള്ള കുടിശ്ശിക തുക: 100 കോടി രൂപ

സമരം ശക്തമായതോടെ ഇന്ന് സപ്ലൈകോ സി.എം.ഡിയുടെ നേതൃത്വത്തിൽ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ആറ് കോടിരൂപ വരെ കുടിശ്ശിക ലഭിക്കാനുള്ള കരാറുകാരുണ്ട്. കരിഞ്ചന്തക്കാർക്കാണ് സമരത്തിൽ പങ്കുചേരാതെ വിതരണം നടത്താൻ സാധിക്കുന്നത്

- തമ്പി മേട്ടുതറ, പ്രസിഡന്റ് , എൻ.എഫ്.എസ്.എ ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ