
ആലപ്പുഴ: കർണ്ണാടകയിൽ നിന്ന് സ്പിരിറ്റ് എത്തിച്ച് വാടക വീട്ടിൽ വ്യാജമദ്യം നിർമ്മിച്ച് മൊത്തക്കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി കോയമ്പത്തൂരിൽ പിടിയിലായി. തിരുവനന്തപുരം വിളപ്പിൽ സ്വദേശി അനിലിനെയാണ് (49) കോയമ്പത്തൂരിലെ ഫാംഹൗസിൽ
നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ കരുമാടിയിൽ വീട് വാടകയ്ക്കെടുത്ത് പ്രദേശവാസികളായ മറ്റ് നാലുപേരും ചേർന്ന് കർണ്ണാടകയിൽ നിന്ന് സ്പിരിറ്റ് കൊണ്ട് വന്ന് വ്യാജമദ്യം നിർമ്മിച്ച് വിൽക്കുന്നതിനിടെ അമ്പലപ്പുഴ പൊലീസ് നടത്തിയ പരിശോധനയിൽ
നാലുപേർ പിടിയിലായെങ്കിലും അനിൽ രക്ഷപ്പെട്ടിരുന്നു. പ്രതിക്ക് ബംഗളൂരുവിൽ സ്വന്തമായി വീടും സ്ഥലവും ഉണ്ട്. സംഭവത്തിന് ശേഷം ഭാര്യയെയും മക്കളെയും ബംഗളൂരുവിൽ വീട്ടിലെത്തിച്ച ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സ്വന്തമായി ഫോണോ, ബാങ്ക് അക്കൗണ്ടോ ഉപയോഗിക്കാത്തതിനാൽ പ്രതിയെ കണ്ടെത്തുക ക്രൈംബ്രാഞ്ചിന് ദുഷ്ക്കരമായിരുന്നു.
സി.ഡി.എം വഴി ഭാര്യക്കും ബന്ധുക്കൾക്കും പണം അയയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. ഇതോടെയാണ് കോയമ്പത്തൂരിലുണ്ടെന്ന് കണ്ടെത്തിയത്.
കർണ്ണാടക, തമിഴ്നാട്, കേരളം എന്നിവടങ്ങളിൽ നിരവധി കേസുകളിൽ പ്രതിയാണ് അനിലെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ കുറത്തികാട് സി.ഐ മോഹിത് എസ്.ഐമാരായ ദിജേഷ്, നെവിൻ അഗസ്റ്റിൻ വർഗീസ്, എ.എസ്.ഐമാരായ സുധീർ, സാദിഖ് ലബ്ബ, സി.പി.ഒമാരായ ഷൈജു, ഹരികൃഷ്ണൻ, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.