ഹരിപ്പാട്: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന നവകേരള സദസ് 15 ന് വൈകിട്ട് 6 ന് ഹരിപ്പാട് ബോയ്സ് ഹൈസ്ക്‌കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2 മുതൽ 20 കൗണ്ടറുകളിൽ പരാതികൾ സ്വീകരിക്കും. വൈകിട്ട് മൂന്നു മുതൽ കലാപരിപാടികൾ ആരംഭിക്കും. 6ന് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിൽ എത്തും.

പ്രധാന വെദിയിൽ ഡിസംബർ 11 മുതൽ കാർഷിക പ്രദർശന വിപണനങ്ങൾ നടന്നു വരുന്നുണ്ട്. എല്ലാ ദിവസവും കലാപരിപാടികളും നടക്കും. മണ്ഡലത്തിലൊട്ടാകെ നങ്ങ്യാർകുളങ്ങര റ്റി. കെ. എം. എം കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹ്ളാഷ് മോബ് പര്യടനം നടത്തി വരുന്നു. "നവകേരളത്തിലേക്ക് നമുക്കും നടക്കാം" എന്ന സന്ദേശം ഉയർത്തി ഹരിപ്പാട് പട്ടണത്തിൽ ഇന്ന് വൈകിട്ട് 4ന് സായാഹ്ന നടത്തം സംഘടിപ്പിക്കും. നാളെ വൈകിട്ട് മണ്‌ഡലത്തിലൊട്ടാകെ പ്രധാന കേന്ദ്രങ്ങളിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടേയും ബൂത്തുതല സംഘാടക സമിതികളുടേയും നേതൃത്വത്തിൽ നവകേരള ദീപസന്ധ്യ സംഘടിപ്പിക്കും. നവകേരള സദസിലേക്ക് വരുന്ന വാഹനങ്ങൾ ഹരിപ്പാട് ഗവ. ഗേൾസ് ഹൈസ്‌കൂൾ ഗ്രൗണ്ട്, മുനിസിപ്പൽ ഓഫീസിന് എതിർവശമുള്ള മണ്ണാറശ്ശാല ഗ്രൗണ്ട്, നങ്ങ്യാർകുളങ്ങര കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.

അഡ്വ. എ. എം ആരിഫ് എം. പി ചെയർമാനും, മുൻ എം. എൽ. എ ടി. കെ ദേവകുമാർ വർക്കിംഗ് ചെയർമാനും, ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ഫിലിപ്പ് ജോസഫ് ജനറൽ കൺവീനറുമായുള്ള മണ്ഡലം സംഘാടക സമിതിയുടെ നേത്യത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്. വാർത്താസമ്മേളനത്തിൽ ടി. കെ ദേവകുമാർ, ഫിലിപ്പ് ജോസഫ്, എം. സത്യപാലൻ, ടി. എസ് താഹ, എം. എം അനസ് അലി,സജീവ്കുമാർ. പി. എ, ഡി. സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.