bus-car

മാന്നാർ: കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചതിനെ തുടർന്ന് മാന്നാർ ടൗണിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചത് യാത്രക്കാരെ വലച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പരുമലക്കടവിലായിരുന്നു അപകടം. നിരണം സ്വദേശി ഷിബുവും കുടുംബവും സഞ്ചരിച്ച കാറും തിരുവല്ലയിൽ നിന്നും കായംകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരുമലക്കടവിലെ സിഗ്നൽ ലൈറ്റ് തെളിഞ്ഞപ്പോൾ മുൻപോട്ട് എടുത്ത ബസ് തൊട്ടു മുൻപിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കവേയായിരുന്നു അപകടം. റോഡിൽ നിന്നും തെന്നിമാറിയ കാർ റോഡരികിലെ ഇരുമ്പ് വൈദ്യുതി തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഇരുവശത്തെയും ഡോറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കുകളില്ല. അപകടത്തെ തുടർന്ന് മാവേലിക്കര- തിരുവല്ല സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടതിനാൽ ജോലി കഴിഞ്ഞെത്തിയവരും വിദ്യാർത്ഥികളും ഉൾപ്പെട്ട യാത്രക്കാർ ഏറെ വലഞ്ഞു. മാന്നാർ പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.