ചേർത്തല: നവകേരള സദസിന് ഫണ്ട് അനുവദിക്കാൻ ചേർത്തല തെക്ക് പഞ്ചായത്ത് ഭരണസമിതിക്ക് അംഗീകാരം. തിങ്കളാഴ്ച നടന്ന പഞ്ചായത്തുകമ്മിറ്റിയുടെ തുടർച്ചയായി ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ വോട്ടെടുപ്പിലൂടെ തീരുമാനം അംഗീകരിച്ചത്. എൽ.ഡി.എഫിലെ 11 അംഗങ്ങളും തീരുമാനത്തെ അനുകൂലിച്ചപ്പോൾ പ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങളും ബി.ജെ.പി അംഗവും സ്വതന്ത്റനും എതിർത്തു. ആരോഗ്യകാരണങ്ങളാൽ ഒരു കോൺഗ്രസ് അംഗത്തിന് പങ്കെടുക്കാനായില്ല. ഇതോടെ പത്തിനെതിരെ 11 വോട്ടുകൾക്കാണ് തീരുമാനം അംഗീകരിച്ചത്. 50,000 രൂപ വിനിയോഗിക്കാനാണ് തീരുമാനം.
പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫിന് 11ന്, കോൺഗ്രസ് ഒമ്പത്,ബി.ജെ.പി ഒന്ന്,സ്വതന്ത്റൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ക്ഷേമപെൻഷൻ പോലും നൽകാതെയുള്ള ധൂർത്തിനുവേണ്ടി പണം അനുവദിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ബാബുപള്ളേക്കാട് പറഞ്ഞു. എന്നാൽ, പഞ്ചായത്തിലെ അർഹരായവരെ സദസിലെത്തിക്കുന്നതിനും നിവേദനങ്ങൾ മന്ത്റിസഭക്കുമുന്നിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുന്നതെന്നും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണ് സംയുക്തനീക്കത്തിലൂടെ പുറത്തുവന്നതെന്നും പ്രസിഡന്റ് സിനിമോൾ സാംസൺ പറഞ്ഞു.