
മാവേലിക്കര: നവകേരള സദസ് നടക്കുന്ന മാവേലിക്കര ഗവ.ബോയ്സ് ഹൈസ്കൂളിന്റെ മതിൽ ഒറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമായി. തിങ്കളാഴ്ച രാത്രി ജെ.സി.ബി ഉപയോഗിച്ചാണ് സ്കൂളിന്റെ മതിൽ പൊളിച്ചുമാറ്റിയത്. മതിലിന്റെ അവശിഷ്ടം അടക്കം നീക്കം ചെയ്ത നിലയിലായിരുന്നു.
നവകേരള സദസ്സിന് മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന വാഹനം കയറുന്നതിന് മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ നഗരസഭാധികൃതർക്ക് കത്ത് നൽകിയിരുന്നെങ്കിലും ഫണ്ടില്ലെന്ന് നഗരസഭ അറിയിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസം മതിലിന്റെ ഒരു ഭാഗം രാത്രിയിൽ പൊളിഞ്ഞുവീണിരുന്നു. ഇത് യു.ഡി.എഫ് നേതൃത്വത്തിൽ താത്കാലികമായി പുനർനിർമ്മിച്ചു. ഇതിന് പിന്നാലെ, മതിൽ അപകടാവസ്ഥയിലാണെന്നും പൊളിക്കണമെന്നും കളക്ടർ നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മതിൽ പുനർനിർമ്മിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള അറിയിപ്പും തിങ്കളാഴ്ച വന്നു. ഇതിന് പിന്നാലെയാണ് രാത്രിയിൽ മതിൽ പൂർണ്ണമായി പൊളിച്ചുമാറ്റിയത്.
മനുഷ്യമതിൽ തീർത്ത് കോൺഗ്രസ്
നഗരസഭയെ അറിയിക്കാതെ മതിൽ പൂർണ്ണമായി പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് മതിൽ പൊളിച്ച ഭാഗത്ത് കോൺഗ്രസ് മനുഷ്യമതിൽ തീർത്ത് സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ. മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗ്ഗീസ്, നഗരസഭ തെയർമാൻ ശ്രീകുമാർ, ലളിതാ രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.
സി.പി.എം - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടെന്ന് ബി.ജെ.പി
നവകേരളയാത്രയുമായി ബന്ധപ്പെട്ട് വിവാദത്തിലായ മാവേലിക്കര ബോയ്സ് സ്കൂൾ മതിൽ ഇരുളിന്റെ മറവിൽ പൊളിച്ചു നീക്കിയതിന് പിന്നിൽ കോൺഗ്രസ് - സി.പി.എം അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ബി.ജെ.പി ആരോപിച്ചു. നഗരസഭയുടെ കീഴിലുള്ള മതിലും സ്കൂളിലെ മരങ്ങളും നഗരസഭയുടെ അനുമതി ഇല്ലാതെ വെട്ടി നീക്കിയത്കോൺഗ്രസിന്റെ കഴിവുകേടു കൊണ്ടാണെന്നും ചെയർമാൻ രാജിവെയ്ക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സി.പി.എം വിമതനായി മത്സരിച്ചു ജയിച്ച് കോൺഗ്രസിൽ ചേർന്ന് ചെയർമാനായ ചെയർമാൻ സി.പി.എമ്മുമായുള്ള അവിഹിത സഖ്യത്തിന് കോൺഗ്രസിനെ സഹായിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
ബോയിസ് സ്കൂളിൽ നിന്ന് പ്രതിഷേധ പ്രകടനമായി എത്തിയ പ്രവർത്തകർ മാവേലിക്കര നഗരസഭ ഉപരോധിച്ചു.
സമരം ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര നഗരസഭാ പാർലമെൻററി പാർട്ടി അധ്യക്ഷൻ എച്ച്.മേഘനാഥ് അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ മുഖ്യ പ്രഭാഷണം നടത്തി.