മാവേലിക്കര: എ.ബി.വി.പി പ്രവർത്തകനായിരുന്ന ചെങ്ങന്നൂർ കോട്ട സ്വദേശി വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം വെച്ച് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ ഒന്നാം സാക്ഷി വിഷ്ണുപ്രസാദിന്റെ വിസ്താരം മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി എസ്.എസ്.സീന മുമ്പാകെ ആരംഭിച്ചു.

2012 ജൂലായ് 16ന് കോളേജിലെ നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങിനോടനുബന്ധിച്ച് കോളേജ് പരിസരത്തെത്തിയ വിശാലിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തി കൊലപ്പെടുത്തുന്നത് താൻ കണ്ടതായി കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ്.ജി.പടിക്കലിന്റെ ചീഫ് വിസ്താരത്തിൽ സാക്ഷി കോടതിയിൽ പറഞ്ഞു. വിശാലിനെ കൊലപ്പെടുത്തുമ്പോൾ തടയാൻ ശ്രമിച്ച തന്നെയും ശ്രീജിത്ത് എന്ന മറ്റൊരാളെയും വിശാലിനെ കുത്തി കൊലപ്പെടുത്തിയ പന്തളം സ്വദേശി ഷഫീഖ് സ്ഥലത്ത് വെച്ച് കുത്തിയതായി സാക്ഷി പറഞ്ഞു.

അക്രമി സംഘത്തിലെ നാസിം, ആഷിക്ക്, ഷെഫീഖ്, അൻസർ ഫൈസൽ, പത്മാലയം ഷഫീക്ക്, ആസിഫ് മുഹമ്മദ്, ചെറുവള്ളൂർ നാസിം, സനൂജ്, അൽത്താജ്, ഷമീർ റാവുത്തർ, സഫീർ, അഫ്‌സൽ എന്നിവരെയും വിശാലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും ആക്രമിക്കാൻ ഉപയോഗിച്ച ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. കേസിലെ രണ്ടും മൂന്നും സാക്ഷികളായ ശ്രീജിത്ത്, വിജയപ്രതാപ് തുടങ്ങിയവരെ ഇന്ന് വിസ്തരിക്കും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാവുന്നത്.