ആലപ്പുഴ : പ്രവർത്തന മൂലധനമില്ലാതെ വലഞ്ഞ പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റ് 5കോടി രൂപയുടെ വായ്പ അനുവദിക്കപ്പെട്ടതോടെ പുതിയ ഉണർവിലേക്ക്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ ഡവലപ്പ്മെന്റ് കോർപ്പറേഷനിൽ നിന്ന് അനുവദിച്ച വായ്പയിൽ ആദ്യഗഡുവായി 2.5കോടി ലഭിച്ചു.

ഇത് ഉപയോഗിച്ച് ജീവനക്കാരുടെ ശമ്പളം നൽകുന്നതിനൊപ്പം ചരക്ക് തീവണ്ടികൾക്കുള്ള കാസ്‌നബ് ബോഗികൾ കൂടുതലായി നിർമ്മിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചു. വരുമാനം കുറഞ്ഞതോടെ ശമ്പളം കൃത്യമായി നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ താൽക്കാലിക ജീവനക്കാരിൽ പലരും ഫാബ്രിക്കേഷൻ ജോലികളിലേക്ക് മാറിയത് ഉത്പാദനത്തെ ബാധിക്കും. കൃത്യമായി ജോലിക്ക് എത്താത്ത ജീവനക്കാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി . മുമ്പ് നൂറിലേറെ പേരുണ്ടായിരുന്ന സ്ഥാനത്ത് 60പേരാണ് ജോലിക്ക് എത്തുന്നത്. നാല് മാസത്തെ ശമ്പള കുടിശ്ശികയാണ് ജീവനക്കാർക്കുള്ളത്. ആദ്യഗഡു ലഭിച്ചതോടെ ജീവനക്കാർക്ക് ശമ്പളം ഭാഗികമായി നൽകി. ശേഷിച്ച തുക ഉപയോഗിച്ചാണ് വീണ്ടും ഉത്പാദനം ആരംഭിച്ചത്. വിറ്റുവരവിന് അനുസരിച്ച് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ജീവനക്കാരുടെ കുടിശ്ശിക വേതനം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.

സ്വകാര്യ കമ്പനിയേക്കാൾ കുറഞ്ഞ നിരക്കിലാണ് കാസ്‌നബ് ബോഗികൾ നിർമ്മിച്ച് ഓട്ടോകാസ്റ്റ് ഉത്തര റെയിൽവേയുടെ അമൃത്സർ വർക്ക് ഷോപ്പിന് നൽകിയത്. സ്വകാര്യ കമ്പനികൾ നൽകുന്ന കാസ്‌നബ് ബോഗികളെക്കാൾ ഗുണനിലവാരമുള്ളതാണ് ഇവയെന്ന് വർക്ക്‌ഷോപ്പ് അധികൃതർ റെയിൽവേ മന്ത്രാലയത്തെ അറിയിച്ചിരുന്നു.

ഉത്പാദനം വർദ്ധിപ്പിക്കും

 ഉത്പാദനശേഷി വർദ്ധിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മുന്നോട്ടുപോകാനാണ് ഓട്ടോകാസ്റ്റിന്റെ ലക്ഷ്യം

 ഓർഡർ ലഭിച്ചാൽ സമയബന്ധിതമായി അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ

 റെയിൽവേയ്ക്കായി കാസ്നബ് ബോഗികൾ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പൊതുമേഖലാസ്ഥാപനമാണ് ഓട്ടോകാസ്റ്റ്.

 നിലവിൽ സ്വകാര്യകമ്പനികളിൽ നിന്നാണ് റെയിൽവേ കാസ്നബ് ബോഗികൾ വാങ്ങുന്നത്

 ഓട്ടോകാസ്റ്റിന്റേതിനേക്കാൾ ഗുണനിലവാരം കുറഞ്ഞ ബോഗികളാണ് കൂടിയ വിലയ്ക്ക് സ്വകാര്യ കമ്പനികൾ നൽകുന്നത്

 റെയിൽവേയ്ക്കായി ബോഗികൾ നിർമ്മിക്കുന്നതിനായി 2010ലാണ് ഓട്ടോകാസ്റ്റ് കരാർ ഒപ്പിട്ടത്

വൈവിദ്ധ്യവത്കരണത്തിന്റെ പാതയിൽ

കമ്പനിയുടെ പ്രവർത്തന മേഖലയുടെ വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി അനെർട്ടുമായി സഹകരിച്ച് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ഓട്ടോകാസ്റ്റിൽ സ്ഥാപിച്ചു. വൈദ്യുതി ഇനത്തിലെ ചെലവ് കുറയ്ക്കാൻ രണ്ട് മെഗാവാട്ട് സൗരോർജ്ജ പദ്ധതിക്കും അനുമതി ലഭിച്ചു. കമ്പനിയിലെ ഉപയോഗശൂന്യമായ മോൾഡിംഗ് മണൽ ഉപയോഗിച്ച് ഇഷ്ടിക നിർമ്മാണവും പുരോഗമിക്കുന്നു.