
ആലപ്പുഴ : ഉപതിരഞ്ഞെടുപ്പ് നടന്ന കായംകുളം നഗരസഭയിലെ ഫാക്ടറി വാർഡും ചെങ്ങന്നൂർ ബ്ളോക്ക് പഞ്ചായത്തിലെ തിരുവൻവണ്ടൂർ ഡിവിഷനും എൻ.ഡി.എ നിലനിർത്തി.
കായംകുളം നഗരസഭയിലെ ഫാക്ടറി വാർഡിൽ ബി.ജെ.പി. സ്ഥാനാർത്ഥി സന്തോഷ് കണിയാം പറമ്പിൽ 187 വോട്ടുകൾക്കാണ് വിജയിച്ചത്. സന്തോഷിന് 469 വോട്ടും സി.പി.എം. സ്ഥാനാർത്ഥി അബ്ദുൾ നാസറിന് 282 വോട്ടുട്ടം ലഭിച്ചു. കോൺഗ്രസിലെ ടെൻസി അജയൻ 186 വോട്ടുകളും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഹരിദാസ് ശിവരാമൻ എട്ട് വോട്ടും നേടി.
ചെങ്ങന്നൂർ ബ്ലോക്കിലെ തിരുവൻവണ്ടൂർ ഡിവിഷനിൽ ബി.ജെ.പി. സ്ഥാനാർഥി സുജന്യ ഗോപി 1542 വോട്ടുകൾക്കാണ് വിജയിച്ചത്. സുജന്യ 2672 വോട്ടുകൾ ലഭിച്ചപ്പോൾ കേരള കോൺഗ്രസ് സ്ഥാനാർത്ഥി കെ.എസ് സുനിൽകുമാറിന് 1220 വോട്ടുകളും സി.പി.എം. സ്ഥാനാർത്ഥി കെ.കെ ഓമനക്കുട്ടന് 1047 വോട്ടുകളും ലഭിച്ചു. 2020-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ടി. ഗോപിയുടെ നിര്യാണത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പു വേണ്ടിവന്നത്.
കായംകുളത്തെ വിജയത്തിന് തിളക്കം
കായംകുളം ഫാക്ടറി വാർഡിൽ കൗൺസിലറായിരുന്ന ബി.ജെ.പി ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി ഡി.അശ്വിനിദേവ് അപകടത്തെ തുടർന്ന് ചികിത്സയിലായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. കഴിഞ്ഞതവണ ആറ് വോട്ടുകൾക്കാണ് അശ്വിനിദേവ് വിജയിച്ചത്. ആകെ 949 വോട്ട് പോൾ ചെയ്തിരുന്നു. അശ്വിനിദേവിന് 316 വോട്ടും സി.പി.എം. സ്ഥാനാർഥി ടി.എ.അബ്ദുൾ നാസറിന് 310 വോട്ടും കോൺഗ്രസിലെ കെ.രാജേന്ദ്രന് 273 വോട്ടും ലഭിച്ചിരുന്നു.ഇത്തവണ ഭൂരിപക്ഷം ഉയർന്നത് ബി.ജെ.പി ക്യാമ്പുകളെ ആഹ്ളാദത്തിലാക്കി.
വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് ഉള്ള അംഗീകാരമാണ് വിജയമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് പറഞ്ഞു. കായംകുളം മുനിസിപ്പാലിറ്റിയിൽ നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനം മുൻ എം.എൽ.എ ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പാലമുറ്റത്ത് വിജയകുമാർ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പി.എസ് ബേബി, മഠത്തിൽ ബിജു, വിപിൻരാജ്, ഓമന അനിൽ ,വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.