s

ആലപ്പുഴ: മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ചിറപ്പ് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലായി. അലങ്കാര ഗോപുരങ്ങളുടെ നിർമ്മാണം പൂർത്തിയായി വരുന്നു. മുല്ലയ്ക്കൽ ക്ഷേത്രത്തിൽ ചിറപ്പ് 17ആരംഭിച്ച് 27ന് സമാപിക്കും. കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിന് 20ന് കൊടിയേറും. 27നാണ് ആറാട്ട്.

മുല്ലയ്ക്കൽഎ.വി.ജെ ജംഗ്ഷന് തെക്കുഭാഗത്തും കിടങ്ങാംപറമ്പ് സ്റ്റാച്ച്യൂ ജംഗ്ഷനിലുമാണ് അലങ്കാര ഗോപുരങ്ങൾ ഉയരുന്നത്.

കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവ ഒരുക്കങ്ങൾക്ക് ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ, ഉത്സവ ആഘോഷകമ്മിറ്റി ചെയർമാൻ ജി.മോഹൻദാസ്, ആർ.ആർ.ജോഷിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

റോഡിന്റെ ഇരുവശത്തും നിരക്കുന്ന താത്കാലിക കടകളാണ് ചിറപ്പ് ഉത്സവത്തിന് മാറ്റ് കൂട്ടുന്നത് ജനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും നഗരത്തിൽ വരും നാളുകളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കും. കച്ചവട സ്റ്റാളുകൾ നിർമ്മിക്കുന്നതിനുള്ള പ്ളോട്ട് ലേലം നഗരസഭയും പൊതുമരാമത്ത് വകുപ്പും പൂർത്തീകരിച്ചു. നഗരസഭയും പൊതുമരാമത്ത് വിഭാഗവും സംയുക്തമായി അടയാളപ്പെടുത്തിയ 165 പ്ലോട്ടുകളിലാകും കച്ചവട സ്ഥാപനങ്ങൾ.

കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ കൊടിയേറ്റ് 20ന്

കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 20ന് കൊടിയേറി 27ന് ആറാട്ടോടെ സമാപിക്കും. 2ന് ഉച്ചക്ക് 12ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 5ന് ഗണപതി പൂജ, 5.15ന് ദേവീമാത്മ്യകീർത്തനം, 7നും 7.30നും മദ്ധ്യേ പുതുമന ഇല്ലത്ത് എസ്.ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീഭുവനേശ്വരിയുടെയും ശ്രീഭദ്രകാളി ദേവിയുടെയും കൊടിയേറ്റ്, 7.30ന് സർഗസംഗീതം, 9ന് വിളക്കെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾ നടക്കും. മറ്റ് ദിവസങ്ങളിൽ നിർമ്മാല്യദർശനം, കലശാഭിഷേകം, നാരായണീയ പാരായണം, സംഗീത സദസ്, അന്നദാനം, ആനയൂട്ട്, പകൽപ്പൂരം, ശ്രീബലി, ശ്രീഭൂതബലി, വിളക്കാചരം, വിളക്കെഴുന്നള്ളിപ്പ്, ചെണ്ടമേളം, കൈകൊട്ടിക്കളി, താലപ്പൊലി, മെഗാഷോ, ഭഗവത് സ്തുതിഗീതങ്ങൾ, ദേവീമാഹാത്മ്യ പാരായണം, നൃത്താഞ്ജലി, ഗാനമേള, ഉത്സവ ബലി, തിരുവാതിര, ദേശതാലം, നാടകം, നൃത്ത വസന്തം, മെഗാഷോ, പള്ളിവേട്ട, നാദസ്വക്കച്ചേരി തുടങ്ങിയവ നടക്കും.