mundakkal

ആലപ്പുഴ: കൈനകരി മുണ്ടയ്ക്കൽ പാലത്തിൽ നിന്ന് കരയിലേക്ക് വാഹനമിറക്കാൻ അപ്രോച്ച് റോഡിനുള്ള അപേക്ഷയുമായി കൈനകരിക്കാർ നാളെ നവകേരളസദസ്സിലെത്തും. പാലത്തിന് വേണ്ടി സമരപോരാട്ടങ്ങൾ നടത്തിയ കൈനകരി വികസന സമിതിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിക്കുക. കൈനകരിയുടെ സമഗ്ര വികസനത്തിന് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് മുണ്ടയ്ക്കൽ പാലം യാഥാർത്ഥ്യമായത്. പാലംപണി പൂർത്തീകരിച്ചിട്ടും വാഹനം കരയിലേക്കിറക്കാൻ റോഡിനായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് എട്ട് വർഷത്തോളം ദൈർഘ്യമുണ്ട്. 2016 -17 കാലയളവിലാണ് 36 കോടി രൂപ മുടക്കി പാലം യാഥാർത്ഥ്യമായത്. ജനങ്ങൾ വസ്തു സൗജന്യമായി വിട്ട് നൽകിയിട്ടു പോലും മണ്ണ് പരിശോധനയ്ക്കപ്പുറം റോഡ് നിർമ്മാണത്തിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ഇതോടെ പമ്പയാറ് കടന്ന് കൈനകരി പഞ്ചായത്തിലെത്തേണ്ട വാഹനങ്ങളുടെ പാർക്കിങ്ങ് സ്ഥലമായി പാലം മാറി. ജനങ്ങളിൽ നിന്ന് സമഗ്ര ഒപ്പു ശേഖരണം നടത്തിയാണ് വികസന സമിതി അടുത്ത ദിവസം നവകേരള സദസ്സിലെത്തുക.

മുണ്ടക്കൽ സി ബ്ലോക്ക് റോഡും മുണ്ടക്കൽ പള്ളിത്തോട് പാലവും വെള്ളാമത്ര റോഡും യാഥാർത്ഥ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യം ഉന്നയിക്കുമെന്ന് കൈനകരി വികസന സമിതി സെക്രട്ടറി സജിമോൻ, പ്രസിഡന്റ് ബി.കെ.വിനോദ്, ജോയിന്റ് സെക്രട്ടറി മോൻസി എഴുപഞ്ചിറ, മുൻ പ്രസിഡന്റ് കെ.എൻ.ബിജു കുമാർ എന്നിവർ അറിയിച്ചു.

യാഥാർത്ഥ്യമാകേണ്ട റോഡുകൾ

1. മുണ്ടക്കൽ പാലം - ചാവറ ഭവൻ റോഡ്

2. ചാവറ ഭവൻ - സി ബ്ലോക്ക് റോഡ്

റോഡില്ലാതെ പാലം പണി പൂർത്തിയാക്കിയ സംഭവം സംസ്ഥാനത്ത് മറ്റൊരിടത്തുമുണ്ടാകില്ല. കൈനകരിയുടെ മാത്രമല്ല കുട്ടനാടിന്റെ സമഗ്ര വികസനത്തിന് കൈത്താങ്ങാവേണ്ട പാലമാണ് വാഹനങ്ങളുടെ പാർക്കിങ്ങ് സ്ഥലമായി മാറിയത്

-ബി.കെ.വിനോദ്, പ്രസിഡന്റ്, കൈനകരി വികസന സമിതി