
മാന്നാർ: ഏറെ വർഷങ്ങളായി തകർന്നു കിടക്കുന്ന മാന്നാർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ പുനർനിർമ്മാണ സാദ്ധ്യതകൾ പരിശോധിക്കാൻ പോസ്റ്റൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മദ്ധ്യമേഖല പോസ്റ്റ് മാസ്റ്റർ ജനറൽ സെയ്ദ് റഷീദ്, കേരള പോസ്റ്റൽ സിവിൽ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അമിത് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയ്ക്കാണ് മാന്നാർ പോസ്റ്റ് ഓഫീസിലെത്തിയത്. കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായ കെട്ടിടത്തിന്റെ ഭാഗങ്ങൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.
ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും പരാതിയെത്തുടർന്ന്, തകർന്നു വീഴാറായ കെട്ടിടത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി വാടകക്കെട്ടിടത്തിലേക്ക് മാറാനായിരുന്നു വകുപ്പ് തല നിർദ്ദേശം. ഉദ്യോഗസ്ഥർ വാടകക്കെട്ടിടം അന്വേഷിച്ച് ഒരുപാട് അലഞ്ഞെങ്കിലും അനുയോജ്യമായ സ്ഥലം ലഭ്യമായില്ല. മേൽക്കൂരയുടെ ഭാഗങ്ങളും ഭിത്തിയും ഇളകിവീഴാൻ തുടങ്ങിയതോടെ പ്രധാന കെട്ടിടത്തിനോട് ചേർന്നുള്ള ഇടുങ്ങിയ മുറിക്കുള്ളിലേക്ക് താൽക്കാലികമായി പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനങ്ങൾ മാറ്റേണ്ടിവന്നു. പ്രതിദിനം എസ്.ബി അക്കൗണ്ട്, ആർ.ഡി അക്കൗണ്ട്, ഇന്ദിര വികാസ് പത്ര, പോസ്റ്റൽ ലൈഫ്, ഇൻഷ്വറൻസ്, മണി ഓർഡർ എന്നീ സേവനങ്ങൾക്കായി എത്തുന്നവര്‍ക്ക് നിന്ന് തിരിയാനുള്ള ഇടംപോലും ഇവിടെയില്ല.
ഏഴുപതിറ്റാണ്ട് പഴക്കമുള്ള കെട്ടിടം
മാവേലിക്കര -തിരുവല്ല സംസ്ഥാന പാതയോരത്ത് മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിനു വടക്കു വശത്തായി സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ് മാന്നാറിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന തപാൽ ഓഫീസാണ്. മാന്നാർ പിഷാരത്ത് ശങ്കരപ്പിള്ളയിൽ നിന്ന് പൊന്നുംവിലക്ക് വാങ്ങിയ പത്ത് സെന്റ് സ്ഥലത്തു സർക്കാർ നിർമ്മിച്ച പോസ്റ്റ് മാസ്റ്ററുടെ ക്വാർട്ടേഴ്‌സ് അടക്കമുള്ള കെട്ടിടത്തിന് ഏഴു പതിറ്റാണ്ടിലധികം പഴക്കമുണ്ട്. കെട്ടിടത്തിന്റെ മേൽ ക്കൂരയുടെ ഓടുകൾ പൊട്ടിയും കഴുക്കോലുകൾ ദ്രവിച്ചും ഭിത്തികൾ പൊട്ടിയ നിലയിലുമാണ്.