ചേർത്തല: മുഖ്യമന്ത്റിയും മന്ത്റിസഭാംഗങ്ങളും പങ്കെടുക്കുന്ന നവകേരള സദസ് ചരിത്ര സംഭവമാക്കാൻ ചേർത്തല ഒരുങ്ങി.നിയോജകമണ്ഡലം സംഘാടകസമിതിയും നഗരസഭ–പഞ്ചായത്ത് തലങ്ങളിലും 202 ബൂത്ത് തലങ്ങളിലും രൂപീകരിച്ച സമിതിയും ചേർന്നാണ് വിപുലമായ തയ്യാറെടുപ്പ് പൂർത്തിയാക്കിയത്.

1500ലധികം വീട്ടുമു​റ്റയോഗങ്ങൾ ചേർന്ന് നവകേരള സദസിന്റെ സന്ദേശം മണ്ഡലമാകെ എത്തിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീ–ആശ പ്രവർത്തകരും ഹരിതകർമ്മസേനയും പൊതുപ്രവർത്തകരും അണിനിരന്നാണ് പ്രചാരണം ഒരുക്കിയത്.

സദസിന്റെ മുന്നോടിയായി പഞ്ചായത്തുകളിലും നഗരത്തിലും മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവ ഒരുക്കി.നാടെങ്ങും ആകർഷകമായ വിളംബരജാഥകൾ സംഘടിപ്പിച്ചു. നവകേരളജ്യോതി തെളിച്ചും സദസിന്റെ സന്ദേശം നാടാകെ എത്തിച്ചു.

10000 പേർക്ക് ഇരിപ്പിടം

ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് അങ്കണത്തിൽ വിശാലമായ പന്തലാണ് നവകേരള സദസിന് തയ്യാറാക്കിയിരിക്കുന്നത്. 10000 പേർക്ക് ഇരിപ്പിടമുണ്ടാകും. 30000 പേർ സദസിസിനെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഇവർക്കെല്ലാം സൗകര്യപ്രദമായി പങ്കെടുക്കാനും വീക്ഷിക്കാനും സംവിധാനം ഉണ്ടാകും. കമനീയമായാണ് സദസ് വേദിയും പരിസരവും തയ്യാറാക്കിയിരിക്കുന്നത്. സർക്കാർ നടപ്പാക്കിയ വികസന–ക്ഷേമ പദ്ധതികളുടെ വിവരണത്തോടെയുള്ള ആകർഷകമായ ബോർഡുകൾ നിരന്നു. ദേശീയപാതയോരത്തും കവാടത്തിലും അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്

പൊലീസ്,അഗ്നിരക്ഷാസേന,സർക്കാർ ഉദ്യോഗസ്ഥർ,എൻ.സി.സി, എസ്.പി.സി, സിവിൽ ഡിഫൻസ് തുടങ്ങിയവരുടെ സേവനവും ഉണ്ടാകും.