ആലപ്പുഴ: നാളെ രാവിലെ 11ന് ആലപ്പുഴ എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന നവകേരളസദസിനോടനുബന്ധിച്ച് രാവിലെ 9 മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. വൈ.എം.സി.എ വടക്കേ ജംഗ്ഷൻ, ജില്ലാക്കോടതി പാലം വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല . ചടങ്ങ് അവസാനിക്കുന്നതുവരെ വൈ.എം.സി.എ വടക്കേജംഗ്ഷൻ മുതൽ ജില്ലാക്കോടതി പാലം വരെയുള്ള വൺവേ സംവിധാനം ഒഴിവാക്കും. വാഹനങ്ങൾ വൈ.എം.സി.എ തെക്കേജംഗ്ഷൻ, ജില്ലാക്കോടതി പാലം വഴി വടക്കോട്ടു പോകേണ്ടതാണ്. ഉച്ചയ്ക്ക് 12 മുതൽ ഇരുമ്പ് പാലത്തിന് വടക്കുവശം മുതൽ പിച്ചു അയ്യർ ജംഗ്ഷൻ വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല . മുഹമ്മ ഭാഗത്തേക്കു പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ ജില്ലാ കോടതി പാലം കയറി വടക്കോട്ടു പോകണം. ചേർത്തല, അമ്പലപ്പുഴ എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പരമാവധി ടൗണിൽ കയറാതെ ബൈപ്പാസുവഴി കടന്നുപോകണം. നവകേരള സദസ്സിനോടനുബന്ധിച്ച് മുഹമ്മ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ജില്ലാ കോടതി പാലം
കയറി പടിഞ്ഞാറോട്ടു വന്ന് വൈ.എം.സി.എ ജംഗ്ഷന് പടിഞ്ഞാറുവശം പ്രവർത്തകരെ ഇറക്കി വാഹനം ബീച്ച്
ഭാഗത്ത് പാർക്ക് ചെയ്യണം . നവകേരളസദസ്സിനോടനുബന്ധിച്ച് എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൊമ്മാടി ബൈപാസ് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടുതിരിഞ്ഞ് കൊമ്മാടി പാലം കയറി വഴിച്ചേരി പാലത്തിന് വടക്കുവശം പ്രവർത്തകരെ ഇറക്കി വാഹനം ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണം.