മാവേലിക്കര : ഗവ.വൊക്കേഷണൽ ബോയ്‌സ് എച്ച്.എസ്.എസിന്റെ ചുറ്റുമതിലും കവാടവും പുനർനിർമിക്കാൻ എം.എസ് അരുൺകുമാർ എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം അനുവദിച്ചതോടെ ജാള്യത മറയ്ക്കാൻ ബി.ജെ.പിയും കോൺഗ്രസും നഗരത്തിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. മതിൽ പൊളിച്ചു പണിയാൻ മാവേലിക്കര നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഡിസംബർ 4ന് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു.
നഗരസഭ ഭരിക്കുന്നത് യു.ഡി.എഫാണ്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ബി.ജെ.പി പ്രതിനിധിയാണ്. ഇരു കൂട്ടരും നഗരസഭയിലെ സർക്കാർ വിദ്യാലയങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ സ്കൂളുകളോട് കടുത്ത അവഗണന കാട്ടുന്നത്.കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയ നഗരസഭാ ഭരണത്തിനെതിരെ വമ്പിച്ച ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.