
അമ്പലപ്പുഴ : അയ്യപ്പന്റെയും വാവരുടെയും സൗഹൃദസ്മരണ പുതുക്കി അമ്പലപ്പുഴ ക്ഷേത്രത്തിൽ എരുമേലി വാവരുപള്ളി വക അന്നദാനം നടന്നു. അമ്പലപ്പുഴ പേട്ട സംഘത്തിന്റെ നേതൃത്വത്തിൽ വൃശ്ചികം ഒന്നു മുതൽ ക്ഷേത്രത്തിൽ നടന്നുവന്ന അന്നദാനത്തിന്റെ ഇരുപത്തിയെട്ടാം ദിവസത്തേതാണ് പള്ളി വകയായി നടത്തിയത്. എരുമേലി വാവർ പള്ളി വകയായി ഒരു ദിവസത്തെ അന്നദാനമെന്നത് ദീർഘകാലമായി നടന്നുവരുന്ന ചടങ്ങാണ്.
പേട്ടതുള്ളലിന്റെ തലേ ദിവസം എരുമേലിയിലെ വാവർ പള്ളിയിലെത്തുന്ന അമ്പലപ്പുഴ സംഘം, മത സൗഹാർദ്ദ സമ്മേളനത്തിലും ചന്ദനക്കുടം എഴുന്നള്ളത്തിലും പങ്കെടുക്കും. പേട്ടതുള്ളൽ വാവരു പള്ളിയിൽ കയറുമ്പോൾ, വാവർ പ്രതിനിധി സംഘത്തിനൊപ്പം എരുമേലി വലിയമ്പലത്തിലേക്ക് യാത്രയാക്കും. ക്ഷേത്രത്തിൽ സമൂഹപ്പെരിയോനൊപ്പം വാവർ പ്രതിനിധിയെയും സ്വീകരിക്കും. മത സൗഹാർദത്തിന്റെ മഹിമ വിളിച്ചോതുന്ന ഈ ചടങ്ങുകൾക്ക് മുന്നോടിയായിട്ടാണ് ക്ഷേത്രത്തിലെ അന്നദാനം.
ക്ഷേത്രത്തിലെത്തിയ പള്ളി ഭാരവാഹികളെ സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എരുമേലി വാവരുപള്ളി പ്രസിഡന്റ് പി.എ. ഇർഷാദ്. ജനറൽ സെക്രട്ടറി സി.എ.എം. കരീം. ട്രഷറർ സി.യു. അബ്ദുൽ കരീം. കമ്മിറ്റി അംഗങ്ങളായ അൻസാരി പാടിക്കൽ. ഫൈസൽ മാവുങ്കൽ പുരയിടം, ശിഹാബ് പുതുപറമ്പിൽ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിലെ നിത്യ നിവേദ്യമായ പാൽപ്പായസവും വാങ്ങിയാണ് സംഘം മടങ്ങിയത്.