nirmmanam

മാന്നാർ : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഴുവൻ മന്ത്രിമാരും സംബന്ധിക്കുന്ന നവകേരള സദസ് നാളെ ചെങ്ങന്നൂർ മണ്ഡലത്തിൽ എത്തുമ്പോൾ വളരെ പ്രതീക്ഷയിലാണ് മദ്ധ്യ തിരുവിതാംകൂറിലെ പ്രധാന വാണിജ്യ കേന്ദ്രമായ മാന്നാറിലെ പരമ്പരാഗത വ്യവസായ മേഖലകൾ. ഇവിടെയുള്ള വെങ്കലം, വെള്ളി ആഭരണ നിർമ്മാണ മേഖലകൾക്ക് നഷ്ടപ്രതാപത്തിന്റെ കഥകൾ മാത്രമേ പറയാനുള്ളൂ.

ആരാധനാലയങ്ങൾക്കാവശ്യമായ മണികൾ, കൊടിമരം, വിഗ്രഹങ്ങൾ, വാർപ്പ്, ഉരുളി എന്നിവയും വീട്ടാവശ്യങ്ങൾക്കുള്ള ഓട്ടുപാത്രങ്ങൾ, നിലവിളക്കുകൾ എന്നിവയുമാണ് പ്രധാനമായും മാന്നാറിൽ നിർമ്മിച്ചിരുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തിയ വിശ്വകർമ്മജരുടെ പിന്മുറക്കാരാണ് മാന്നാറിലെ ഒട്ടുപാത്ര നിർമ്മാണ തൊഴിലാളികൾ. നൂറു കണക്കിന് ഓട്ടുപാത്ര നിർമ്മാണ യൂണിറ്റുകൾ മാന്നാർ കുരട്ടിക്കാട് പ്രദേശത്ത് പണ്ട് ഉണ്ടായിരുന്നെങ്കിൽ ഇന്ന് വിരലിലെണ്ണാവുന്നവ മാത്രമാണ് അവശേഷിക്കുന്നത്.

പൈതൃകഗ്രാമം പദ്ധതിയിൽ പ്രതീക്ഷ

ആർ.രാമചന്ദ്രൻ നായർ എം.എൽ.എയായിരുന്ന കാലത്താണ് മാന്നാറിന്റെ സമഗ്രവികസനത്തിനായി പൈതൃകഗ്രാമം പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്. സംസ്ഥാന ബഡ്ജറ്റിൽ 2കോടി രൂപ വകയിരുത്തിയ പദ്ധതിയിലൂടെ പാരമ്പര്യവ്യവസായമായ വെങ്കല പാത്ര നിർമ്മാണത്തോടൊപ്പം വെള്ളി ആഭരണങ്ങൾ ഉൾപ്പെടെയുള്ള വ്യവസായങ്ങളെ ഉയർത്തി കൊണ്ടുവരികയും ഈ സംരംഭങ്ങളെ നിലനിറുത്തി പുതിയ തലമുറയെ ആകൃഷ്ടരാക്കാനുമാണ് ലക്ഷ്യമിട്ടത്.

പദ്ധതി വിപുലീകരിച്ച് സജി ചെറിയാൻ

പൈതൃകഗ്രാമം പദ്ധതിയിൽ പിൽഗ്രിം ടൂറിസം കൂടി സമന്വയിപ്പിച്ച് ആലപ്പുഴ,പത്തനംതിട്ട ജില്ലകളെ കൂടി ഉൾപ്പെടുത്തി 35കോടി രൂപയുടെ പദ്ധതി തയ്യാറാക്കി മന്ത്രി സജി ചെറിയാൻ മുന്നോട്ടുപോയി. മാന്നാറിലെ പരമ്പരാഗത ഓട്, വെള്ളി വ്യവസായങ്ങൾ, കല്ലിശേരിയിലെ മൺപാത്ര നിർമാണം, കരിങ്കൽശില്പ നിർമ്മാണം എന്നിവയുടെ പുനരുദ്ധാരണം, ആധുനികവൽക്കരണം, പരിശീലനം, വിപണനം എന്നിവയും പദ്ധതിയുടെ ഭാഗമായി. പമ്പാനദിയുടെയും കുട്ടമ്പേരൂർ ആറിന്റെയും സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി തീർത്ഥാടന കേന്ദ്രങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പൈതൃക സ്മാരകങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ പ്രോത്സാഹനവും സംരക്ഷണവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.