
മാന്നാർ : കടപ്ര പുത്തൻ പള്ളിയോടം മലർത്തൽ സൈക്കിൾ മുക്ക് ജയന്തപുരം കൈനിക്കര ശ്രീ മഹാവിഷ്ണുക്ഷേത്രത്തിനു സമീപമുള്ള മാലിപ്പുരയിൽ ആർപ്പുവിളികളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം പള്ളിയോടം സേവാസംഘം പ്രസിഡന്റ് രാജൻ മൂലേവീട്ടിൽ നിർവ്വഹിച്ചു. എ.കെ.സി.എം.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ രഘുനാഥൻ അദ്ധ്യക്ഷനായി. പി.എസ്.എസ് ജനറൽ സെക്രട്ടറി പാർത്ഥസാരഥി പിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ, പി.എസ്.എസ് വൈസ് പ്രസിഡന്റ് സുരേഷ് വെൺപാല, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം വിജി നൈനാൻ,പഞ്ചായത്തംഗങ്ങളായ മിനി ജോസ്, ജോർജ്ജ് തോമസ്, രാജേശ്വരി, പത്തനംതിട്ട ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് എസ്.എൻ ഹരികൃഷ്‌ണൻ, കാഥികൻ ഡോ.നിരണം രാജൻ, പി.എസ്.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.കെ.ചന്ദ്രൻ ഇടനാട്, ശശിധരക്കുറുപ്പ്, ചെന്നിത്തല പള്ളിയോട സേവാസംഘം പ്രസിഡന്റ് ദീപു പടകത്തിൽ, സംസ്ഥാന ഫോക്ക്ലോർ അവാർഡ് ജേതാവ് വിജയൻപിള്ള, കൈനിക്കര മഠം ക്ഷേത്രമേൽശാന്തി രാജേഷ്, അനിൽ, മഹേഷ് കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. 30 വർഷക്കാലമായി വള്ളം മലർത്തൽ രംഗത്ത് സജീവമായ മാന്നാർ തറയിൽപള്ളത്ത് ടി.കെ ഷാജഹാന്റെ നേതൃത്വത്തിൽ ഏഴംഗ കലാസി സംഘമാണ് രണ്ട് കൂറ്റൻ ചെയിൻ ബ്ലോക്കുകളുടെ സഹായത്തോടെ വള്ളം ഉയർത്തിയത് .
1956 മുതൽ ആറന്മുളയുടെ എല്ലാ ആചാരാനുഷ്ഠാനങ്ങളിലും പങ്കെടുത്ത് വന്നിരുന്ന കടപ്ര പള്ളിയോടം 2013 - 14 ൽ 15 ലക്ഷത്തോളം രൂപ ചിലവിൽ പുതുക്കിപ്പണിതിരുന്നു. എന്നാൽ 2018 ലെ പ്രളയത്തിൽ പള്ളിയോടത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം തകർന്നതോടെയാണ് പുതിയ പള്ളിയോടം നിർമ്മിച്ചത്.