കായംകുളം : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നാളെ കായംകുളത്ത് നടക്കും. രാവിലെ 8 മുതൽ പരാതികൾ സ്വീകരിക്കും.ഏഴായിരത്തിൽ പരം ഇരിപ്പിടങ്ങളാണ് എൽമെക്സ് ഗ്രൗണ്ടിലെ വേദിയിലുണ്ടാകുക.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള പ്രഭാത ഭക്ഷണം ഒരുക്കുന്ന രാമപുരം താമരശ്ശേരി കൺവെൻഷൻ സെന്ററിലെ ഒരുക്കങ്ങളും പൂർത്തിയായി. ജീവനക്കാർക്കുളള പ്രഭാത ഭക്ഷണം കായംകുളം ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ് സജ്ജീകരിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കുന്നതിനായിട്ടുള്ള കൗണ്ടറുകൾ പ്രധാന വേദിക്കരികിലായ അറേബ്യൻ ജ്യൂവലറിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹരിപ്പാട് എൻ.ടി.പി.സി ഗസ്റ്റ് ഹൗസിൽ നിന്നാണ് മുഖ്യമന്ത്രി നവകേരളത്തിൽ പങ്കെടുക്കാൻ കായംകുളത്തെത്തുക. മറ്റ് മന്ത്രിമാർ കായംകുളം റസ്റ്റ് ഹൗസിലാണ് താമസം. എൻ.ടി.പി.സി ഗസ്റ്ര് ഹൗസിൽ നിന്ന് കായംകുളത്തേക്കുള്ള യാത്രാ മദ്ധ്യേ രാമപുരം താമരശ്ശേരി കൺവെൻഷൻ സെന്ററിലാണ് പ്രഭാത സദസ്. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്ക്ശേഷം മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണും. തുടർന്ന് കായംകുളം എൽമെക്സ് ഗ്രൗണ്ടിലെ നവകേരള സദസ് നടക്കുന്ന വേദിയിലേക്ക് പോകും.രാവിലെ 11ന് ജനങ്ങളുമായുള്ള കൂടിക്കാഴ്ച ആരംഭിക്കും. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മാവേലിക്കര ഗവ. റസ്റ്റ്‌ ഹൗസിൽ ഉച്ച ഭക്ഷണത്തിനെത്തും
നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഇന്ന് രാവിലെ 9 മുതൽ കായംകുളത്ത് കേരള ലളിത കലാ അക്കാദമിയിലെ പതിനഞ്ചോളം ചിത്രകാരന്മാർ വലിയ ക്യാൻവാസിൽ ചിത്രരചന നടത്തും.