agnibadha
മാന്നാർ ആലുമ്മൂട് ജംഗ്ഷനിലെ എസ്.എം തേപ്പുകടയിലുണ്ടായ അഗ്നിബാധ അണയ്ക്കാൻ അഗ്നിശമന സേനയുടെ ശ്രമം

മാന്നാർ: ആലുമ്മൂട് ജംഗ്ഷനിൽ വസ്ത്രങ്ങൾ തേക്കുന്ന കട കത്തിനശിച്ചു. ആലുമ്മൂട് ശിവപാർവതി ക്ഷേത്രത്തിനു സമീപമുള്ള തിരുവനന്തപുരം തൈക്കാട് സ്വദേശി മുരുകന്റെ ഉടമസ്ഥതതയിൽ ഉള്ള എസ്.എം തേപ്പ് കടയാണ് തീ പിടിച്ച് കത്തിനശിച്ചത്. തേച്ച് നൽകുന്നതിനായി ഉപഭോക്താക്കൾ എത്തിച്ച മുണ്ട്, ഷർട്ട്‌, സാരി എന്നിവ ഉൾപ്പടെ കടയിലുണ്ടായിരുന്ന രണ്ടായിരത്തിലധികം വസ്ത്രങ്ങളും കടയുടെ ഉൾവശം മുഴുവനായും കത്തി നശിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഇന്നലെ രാവിലെ കടയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് ഉടമയെത്തി കട തുറന്നപ്പോഴാണ് തീ പിടിച്ചത് അറിഞ്ഞത്. മാവേലിക്കരയിൽ നിന്നുള്ള അഗ്നി ശമന സേനയും മാന്നാർ പൊലീസും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.