# മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിൽ പ്രവേശിച്ചത്
വൈക്കം - തവണക്കടവ് ഫെറിയിലൂടെ
ആലപ്പുഴ : ജില്ലയിലെ നവകേരള സദസിന് തുടക്കമായി. കോട്ടയം ജില്ലയിൽ നിന്ന് വൈക്കം - തവണക്കടവ് ഫെറിയിലൂടെയാണ് മുഖ്യമന്ത്രിയും സംഘവും ആലപ്പുഴയിലേക്ക് പ്രവേശിച്ചത്. വൈകുന്നേരം അഞ്ചരയോടെ ജലഗതാഗത വകുപ്പിന്റെ ആദിത്യ സോളാർ ബോട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസ്, സജി ചെറിയാൻ തുടങ്ങിയ 12 മന്ത്രിമാരും ബോട്ടിൽ തവണക്കടവ് ജെട്ടിയിലെത്തി. വൈകുന്നേരം മൂന്നരയോടെ മന്ത്രിമാരായ വി.എൻ.വാസവൻ, അഹമ്മദ് ദേവർ കോവിൽ എന്നിവരാണ് ആദ്യം ജില്ലയിലെത്തിയത്. ജില്ലയിലെ മന്ത്രിയായ പി.പ്രസാദും ഇരുവർക്കൊപ്പം ഉണ്ടായിരുന്നു. ജങ്കാറിൽ നിന്ന് ആദ്യം ഇറങ്ങിയ മന്ത്രി പി.പ്രസാദ് മറ്റ് മന്ത്രിമാരെ സ്വീകരിക്കുന്നതിന് നേതൃത്വം നൽകി. തൊട്ട് പിന്നാലെ സ്പീഡ് ബോട്ടിൽ മന്ത്രി ജെ.ചിഞ്ചു റാണിയും എത്തി. നാല് മണിയോടെ മന്ത്രിമാരായ പി.രാജീവ്, ആന്റണി രാജു, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻ കുട്ടി എന്നിവരും എത്തിത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാകളക്ടർ ജോൺ വി.സാമുവൽ, ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസ ജോൺ, ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ. നാസർ, മുൻ എം.പിമാരായ ടി.ജെ.ആഞ്ചലോസ്, സി.എസ്.സുജാത, ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുധീഷ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ, ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല, എ.ഡി.എം എസ്.സന്തോഷ് കുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ തവണക്കടവിൽ എത്തിയിരുന്നു. മൂന്നു മണി മുതൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ കൂടി നിന്നവർ ഉറക്കെ അഭിവാദ്യം ചെയ്‌ത് സ്വീകരിച്ചു.
സ്വീകരിക്കാൻ
ചുണ്ടന്റെ മാതൃക
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്വാഗതം ആശംസിച്ചുകൊണ്ട് അലങ്കരിച്ച ചുണ്ടൻ വള്ളത്തിന്റെ മാതൃക തവണക്കടവിൽ ഒരുക്കിയിരുന്നു. നിരവധി നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മന്ത്രിമാരെ നേരിൽ കാണാൻ എത്തിയിരുന്നു. വെടിക്കെട്ടും അലങ്കരിച്ച ചെറു വള്ളങ്ങളും ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഒരുക്കിയിരുന്നു. പഞ്ചാരി അഞ്ചാം കാലം കൊട്ടി മേളക്കാർ തകർത്തപ്പോൾ തവണക്കടവ് ജെട്ടി ഉത്സവ പ്രതീതിയിലായ. ചുവപ്പ് ബലൂണുകളും പറത്തി.