
മാന്നാർ: കായംകുളം - തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ സ്റ്റോർ ജംഗ്ഷനു സമീപമുള്ള മാമ്മൂട്ടിൽ പരബ്രഹ്മമൂർത്തി ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തി തുറന്ന് പണം അപഹരിച്ചു. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് ക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചി കുത്തി തുറന്ന് കിടക്കുന്നത് കണ്ടത്. പുറത്തെ കാണിക്കവഞ്ചിയും കുത്തി തുറക്കാൻ ശ്രമിക്കുന്നതിനിടെ ഈ കാണിക്ക വഞ്ചിയിൽ ഘടിപ്പിച്ചിരുന്ന സൈറൺ മുഴങ്ങിയതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. രാവിലെ എത്തിയ ജീവനക്കാരനാണ് സൈറൺ സ്വിച്ച് ഒഫ് ചെയ്തത്. കാണിക്കവഞ്ചിയിൽ നിന്ന്10000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികൾ മാന്നാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രണ്ട് വർഷമായി തുടരെ മോഷണം നടക്കുമ്പോഴും പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാരുടെ ആരോപണം.