മാവേലിക്കര : മാവേലിക്കരയിൽ നടക്കാൻ പോകുന്നത് നവകേരളസദസല്ല നിയമലംഘന, നവനശീകരണ സദസ്സാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ പ്രസ്താവിച്ചു. ഗവ.ബോയ്സ് ഹൈസ്‌കൂളിന്റെ ഭരണച്ചുമതലയുള്ള മുനിസിപ്പൽ ചെയർമാനോ, കൗൺസിലോ അറിയാതെയാണ് സ്കൂളിൽ വേദി തീരുമാനിച്ചത്. അവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ അനുമതി തേടിയില്ല. നവകേരള സദസ്സിന്റെ ബസ് കയറുന്നതിന് മതിൽ പൊളിച്ചുതരണമെന്ന കത്ത് നഗരസഭ തള്ളിയപ്പോൾ മാത്രമാണ് ബോയ്സ് സ്കൂളിന്റെ മതിലിന് ബലക്ഷയമുണ്ടെന്ന പുതിയ കണ്ടെത്തലുമായി എം.എൽ.എ അടക്കമുള്ളമുള്ളവർ രംഗത്തുവന്നത്.
മതിലിന് ബലക്ഷയമുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കുവാനുള്ള യോഗ്യത തഹസീൽദാർക്കില്ലെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് മതിൽ പൊളിച്ചു പുനർനിർമ്മിക്കുവാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ഉത്തരവിട്ടതെന്നും അദ്ദേഹം ചോദിച്ചു. സ്കൂളിന്റെ ഏകദേശം 120 മീറ്റർ നീളം വരുന്ന മതിൽ നഗരസഭയറിയാതെ അതിക്രമിച്ചു കയറി തകർക്കുകയാണുണ്ടായത്. തകർത്ത ഭാഗങ്ങൾ ലേലം ചെയ്തിരുന്നെങ്കിൽ 5 ലക്ഷത്തിലധികം രൂപ ലഭിക്കുമായിരുന്നു. മതിൽ തകർത്ത വിഷയത്തിൽ എം.എൽ.എയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.