ആലപ്പുഴ: നാടിന്റെ ഭാവി ഭദ്രമാണെന്ന സൂചനയാണ് നവകേരളസദസ്സിൽ തടിച്ചുകൂടിയ ജനാവലി നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ നവകേരള സദസിന്റെ ആദ്യവേദിയായ അരൂർ മണ്ഡലത്തിലെ അരയങ്കാവ് ക്ഷേത്ര മെതാനിയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒത്തൊരുമയോടെ ഐക്യത്തോടെ കഴിയുന്ന നാടിനെ ഒരു പ്രതിസന്ധിക്കും തകർക്കാനാവില്ല. ആ നാടിന് അതിജീവിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, ജെ.ചിഞ്ചുറാണി, വി.എൻ. വാസവൻ എന്നിവർ സംസാരിച്ചു. മറ്റ് മന്ത്രിമാർ ചടങ്ങിൽ സന്നിഹിതരായി. ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി, മണ്ഡലം കൺവീനർ കെ.എസ്.ശിവകുമാർ, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അതിനുശേഷം സദസിന്റെ ഭാഗമായി നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.