ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വൃശ്ചിക തിരുവോണ ആറാട്ട് ഉത്സവം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 6 ന് വിശേഷാൽ കണിദർശനവും അഭിഷേകവും, രാവിലെ 9 മുതൽ അഞ്ച് ആനകളെ എഴുന്നള്ളിച്ച് പകൽപ്പൂരം. ചൊവ്വല്ലൂർ മോഹന വാര്യരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും ഉണ്ടാകും.ഉച്ചയ്ക്ക് ആറാട്ടുസദ്യ, ഗാനമേള. വൈകിട്ട് 6ന് ആറാട്ടിന് എഴുന്നള്ളത്ത്. വൈക്കം ഷാജിയുടെ നേതൃത്വത്തിലുള്ള നാദസ്വരത്തിന്റെയും തിരുവമ്പാടി ശ്രീകുമാർ , വളവനാട് അമൽ എന്നിവരുടെ നേതൃത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയോടെ ആറാട്ട് തിരികെ ക്ഷേത്രത്തിലെത്തിക്കഴിയുമ്പോൾ കൊടിയിറക്ക് നടക്കും. തുടർന്ന് ദീപാരാധന, അത്താഴപൂജ . ചടങ്ങുകൾക്ക് കണ്ണമംഗലത്തില്ലത്ത് ബ്രഹ്മ ദത്തൻ നമ്പൂതിരി, കുര്യാറ്റ് പുറത്തില്ലത്ത് യദു കൃഷ്ണൻ ഭട്ടതിരി എന്നിവർ കാർമ്മികത്വം വഹിക്കും. ഉത്സവത്തിന് ശേഷം നടത്താറുള്ള ഗുരുതി 22 ന് അത്താഴ പൂജക്ക് ശേഷം നടക്കും. 20 ന് കുചേല ദിനവും, 23 ന് വൈകുണ്ഠ ഏകാദശിയും ആചരിക്കും.