ചേർത്തല:കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ സോൾ ആർട്ട് ഇന്റർനാഷണൽ ഓർഗനൈസേഷൻ.ബോധവത്കരണ ക്ളാസുകളും സൗജന്യ പരിശോധനാ ക്യാമ്പുകളും തുടർ ചികിത്സകൾക്ക് സഹായങ്ങളുമൊരുക്കും. കാൻസർ പ്രതിരോധ പ്രവർത്തന രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നവർക്ക് പുരസ്‌കാരവും നൽകും.
നാളെ വയലാർ,പള്ളിപ്പുറം ഗ്രാമപഞ്ചായത്തുകളിലായി കാൻസർ പ്രതിരോധ ബോധവത്കരണ ക്ലാസുകൾ നടത്തുമെന്ന് ഓർഗനൈസേഷൻ ദേശീയ കോ-ഓർഡിനേ​റ്റർ പി.ജി.രവീന്ദ്രൻ,സംസ്ഥാന കോ-ഓർഡിനേ​റ്റർ ബിന്ദുവയലാർ,പ്രജി പുരോഗതി,പി.ജി.രമണൻ,ഡി.എൻ.ദിലീപ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടു ക്യാമ്പുകളിലും സർജ്ജിക്കൽ ഓങ്കോളജിസ്​റ്റ് ഡോ.ജോജോ വി.ജോസഫ് ക്ലാസെടുക്കും.
നാളെ രാവിലെ 10ന് വയലാർ എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന ക്യാമ്പ് സിനിമാതാരം സീമ.ജി.നായർ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമനാബാനർജി അദ്ധ്യക്ഷയാകും.ജീവകാരുണ്യ പ്രവർത്തകയ്ക്കുള്ള പുരസ്‌കാരം സീമ ജി.നായർക്കും,കാൻസർ പ്രതിരോധ പ്രവർത്തനത്തിനുള്ള പുരസ്‌കാരം ഡോ.ജോജോ.വി.ജോസഫിനും വയലാർ മാധവൻകുട്ടിയും അനിൽചേർത്തലയും ചേർന്നു നൽകും.
രണ്ടിനു ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ടി.എസ്.സുധീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് ഷിൽജ സലിം അദ്ധ്യക്ഷയാകും.