ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസിനു നേരെ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബിന്റെ വീട് ഒരു സംഘം ആക്രമിച്ചു. ഭാര്യയെ കൈയേറ്റം ചെയ്തു. വീട്ടുസാധനങ്ങൾ തല്ലിത്തകർത്തു. കൈതവനയിലാണ് സംഭവം.
ആലപ്പുഴ ജനറൽ ആശുപത്രിക്കു സമീപം കരിങ്കൊടി കാട്ടിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും വളഞ്ഞിട്ട് മർദ്ദിച്ചു. മുഖ്യമന്ത്രിയുടെ അംഗരക്ഷകരും വാഹനം നിറുത്തിയിറങ്ങി ക്രൂരമായി മർദ്ദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കെ.എസ്.യു ജില്ലാപ്രസിഡന്റ് എ.ഡി.തോമസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ആലപ്പുഴയിൽ നിന്ന് അമ്പലപ്പുഴ മണ്ഡലത്തിലെ വേദിയിലേക്ക് മുഖ്യമന്ത്രിയും സംഘവും പോകുമ്പോഴായിരുന്നുവൈകിട്ട് 3.30ന് ജന.ആശുപത്രിക്കു മുന്നിൽ വച്ച് കരിങ്കൊടി കാട്ടിയത്. തോമസിനു പുറമേ,
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ.എസ്.യു നേതാക്കളായ ധൻസിൽ നൗഷാദ്, വിഷ്ണുപ്രസാദ്, യാസിൻ റഫീക്ക് എന്നിവർക്കാണ് മർദ്ദനമേറ്റത്. അഞ്ചുപേരെയും ജന.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടനാട്ടിലെ വേദിയിലേക്ക് പോകുമ്പോഴാണ് അഞ്ചുമണിയോടെ കൈതവന ജംഗ്ഷനിൽ വച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തിൽ 10ഓളം പ്രവർത്തകർ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് നീക്കം ചെയ്തു.
ശസ്ത്രക്രിയ കഴിഞ്ഞ
ചിന്നമ്മയെ തള്ളിവീഴ്ത്തി
വൈകിട്ട് 5.30ഓടെയാണ് പത്തോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജോബിന്റെ വീട് ആക്രമിച്ചത്. ജോബ് വീട്ടിലുണ്ടായിരുന്നില്ല. മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ചിന്നമ്മ.
ജനലുകളും വാതിലും തകർക്കുകയും ചിന്നമ്മയെ തള്ളിയിടുകയും ചെയ്തു. ടി.വി സ്റ്റാൻഡ്, സെറ്റി തുടങ്ങിയ ഫർണിച്ചറും തകർത്തു. രണ്ടു സംഭവത്തിലും സൗത്ത് പൊലീസ് കേസെടുത്തു.