
ആലപ്പുഴ: വെള്ളപ്പൊക്കദുരിതം തടയാൻ തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖത്ത് നിന്ന് മണൽ നീക്കുന്നത് തുടരുമെന്നും ആർക്കും വഴങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ് കപ്പക്കട മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണൽ നീക്കത്തിൽ തെറ്റായ പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. 2012ൽ യു.ഡി.എഫ് സർക്കാരാണ് പൊഴിമുഖത്തെ മണൽ നീക്കാൻ ഉത്തരവിറക്കിയത്. നീക്കം ചെയ്യുന്ന അധികമണൽ ഐ.ആർ.ഇക്കും കെ.എം.എം.എല്ലിനും നൽകാനും തീരുമാനിച്ചു. പിന്നീട് എൽ.ഡി.എഫ് സർക്കാർ അത് നടപ്പാക്കി. പ്രളയത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് വിദേശ ഏജൻസിയും സർക്കാരും ചെന്നൈ ഐ.ഐ.ടിയും നടത്തിയ പഠനത്തിൽ പൊഴിമുഖത്തെ മണൽ നീക്കം ചെയ്ത് ചാനലിന് ആഴവും വീതിയും കൂട്ടാൻ നിർദ്ദേശിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മണൽ നീക്കം ചെയ്ത് വീതി 300 മീറ്ററാക്കാനും ചാനലിന്റെ ആഴം വർദ്ധിപ്പിക്കാനും തീരുമാനിച്ചത്. തോട്ടപ്പള്ളിയിലെ പ്രവർത്തനങ്ങൾക്കെതിരെ വലിയ എതിർപ്പാണ് കോൺഗ്രസും ചില നേതാക്കളും അന്ന് നടത്തിയത്. ജനങ്ങളുടെ സുരക്ഷയ്ക്കായി തീരുമാനിക്കുന്ന കാര്യം നടപ്പാക്കുന്ന സമീപനമാണ് സർക്കാർ ശൈലിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫിന്റേത് നുണപ്രചാരണം
കോടതി പോലും തള്ളിയ കേസിന്റെ പേരിലാണ് യു.ഡി.എഫ് നുണപ്രചാരണം നടത്തുന്നത്. സർക്കാരിനെ ആക്ഷേപിക്കുകയാണ് ലക്ഷ്യം. വികസന വിരുദ്ധ മനസാണ് ഇവർക്കുള്ളത്. ബി.ജെ.പിക്കും കോൺഗ്രസിനും ഒരേമനസാണ്. ജനംഇവരെ പൂർണ്ണമായും തള്ളുന്നകാഴ്ചയാണ് നവകേരളസദസിലൂടെ കാണുന്നതെന്നും പിണറായി പറഞ്ഞു. മണൽ നീക്കത്തിൽ ഇടങ്കോലിടാൻ നോക്കിയവർക്ക് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. കരിമണൽ അടിച്ചെടുക്കലായിരുന്നു അത്.
കയർ വ്യവസായം സംരക്ഷിക്കും: മുഖ്യമന്ത്രി
കയർ വ്യവസായം സംരക്ഷിക്കാൻ സമഗ്ര ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിന് മുന്നോടിയായി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാതയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പന്ന വൈവിദ്ധ്യവത്കരണത്തിതിനായി ഉത്പാദകർ, തൊഴിലാളി സംഘങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരുമായി ചർച്ച നടത്തി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കയർ വ്യവസായ സംരക്ഷണത്തിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നുണ്ട്.
ഒഡീഷയിലെ ഖനികളിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള നടപടിയായിട്ടുണ്ട്. കയർ ഭൂവസ്ത്രമുപയോഗിച്ച് പാതയുടെ വശങ്ങൾ സംരക്ഷിക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
തോട്ടപ്പള്ളി സ്പിൽവേയുടെ ആഴവും പരപ്പും കൂട്ടുമെന്നും കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മാത്യുകുഴൽ നാടൻ എം.എൽ.എയുടെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ നിലപാട് സ്വാഗതാർഹം
കേരളത്തിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം സ്വാഗതാർഹമാണ്. എന്നാൽ ലീഗ് ഇങ്ങ് വന്നോളിൻ എന്നാണ് സർക്കാരിന്റെയും മുന്നണിയുടെയും നിലപാടെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വണ്ടിപ്പെരിയാർ കൊലപാതക കേസ് വിധിയിൽ അപ്പീലിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.