ആലപ്പുഴ: സ്വകാര്യ ബസുകളുടെ നിലവിലെ സർവീസ് ദൂരം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ജില്ലാകമ്മിറ്റി നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കേരളത്തിൽ ഏറ്റവും കുറവുദൂരം സ്വകാര്യ സർവീസുകൾ നടത്തുന്ന ഇടങ്ങളിൽ ആലപ്പുഴ മുന്നിലാണ്. തെക്കോട്ട് ദേശീയപാതയിൽ ആലപ്പുഴ - ഇരട്ടകുളങ്ങരായി സർവീസ് നടത്തി വരുന്നത് തോട്ടപ്പള്ളി വരെയും, കഞ്ഞിപ്പാടം, ചമ്പക്കുളം വരെയും കിഴക്കോട്ട് എ.സി. റോഡിൽ പുളിങ്കുന്ന് രാമങ്കരി വരെയും വടക്കോട്ട് ദേശീയ പാതയിൽ കഞ്ഞിക്കുഴി വരെയും സംസ്ഥാന പാതയിൽ തണ്ണീർമുക്കം വരെയും നീട്ടണമെന്നതാണ് ആവശ്യം. നിലവിലെ യാത്രാക്ലേശം ഗണ്യമായി പരിഹരിക്കുന്നതിനും റോഡിലെ ഇരുചക്ര വാഹന തിരക്ക് കുറയ്ക്കുന്നതിനും ഇത് ഉപകരിക്കുമെന്നും മണ്ണഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ രാത്രിയിൽ സ്വകാര്യ ബസുകളെ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്ന് പഞ്ചായത്തിനോട് നിർദേശിക്കണമെന്നും നിവേദനത്തിൽ പറയുന്നു.
കെ.ബി.ടി.എ ജില്ലാപ്രസിഡന്റ് പി.ജെ.കുര്യൻ, സെക്രട്ടറി എസ്.എം.നാസർ, എൻ.സലിം, ടി.പി.ഷാജിലാൽ, സുനിൽ ഫിർദോസ്, സനൽ, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.