
പൂച്ചാക്കൽ: വേമ്പനാട് കായലിൽ പോള നിറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ വറുതിയിലായി. മത്സ്യബന്ധനത്തിന് ചെറുവള്ളങ്ങൾ പോലും ഇറക്കാൻ സാധിക്കാത്ത അവസ്ഥയിൽ പോള തിങ്ങി കിടക്കുകയാണ്. പല ഭാഗത്തും ഊന്നുവലകൾ പൊട്ടിയും കുറ്റികൾ ഇളകിമാറിയ നിലയിൽ. സ്ഥിരമായി പോള തിങ്ങുന്ന സ്ഥിതിയായതോടെ ഊന്നുവലയിലെ മത്സ്യബന്ധനമെന്ന പരമ്പരാഗത രീതി പലരും ഉപേക്ഷിക്കുകയാണ്. ചീനവലയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഉപജീവനത്തിനായി മത്സ്യബന്ധനം മാത്രം ആശ്രയിക്കുന്ന വലിയൊരു വിഭാഗം തൊഴിലെടുക്കാൻ സാധിക്കാതെ വന്നതോടെ പട്ടിണിയിലാണ്.മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്ന് മത്സ്യ പ്രവർത്തക സംഘ് പാണാവള്ളി മേഖല ചെയർമാൻ ആർ.എസ്. ദേവദാസ് ആവശ്യപ്പെട്ടു.