
ചേർത്തല: അധികാരമില്ലാതെ തുടരാനാകില്ലെന്നതിനാലാണ് മുസ്ലീംലീഗ് മുന്നണി മാറ്റത്തിനായി തന്ത്റങ്ങൾ മെനയുന്നതെന്നും എമ്പ്രാന്റെ വെളിച്ചത്ത് വാര്യർക്ക് അത്താഴം എന്നതാണ് ലീഗിന്റെ പുതിയ നയമെന്നും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ മൂന്നാം വാർഷിക സമ്മേളനം എസ്.എൻ.ഡി.പിയോഗം ചേർത്തല യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എങ്ങനെയും അധികാരത്തിലെത്താനുള്ള വെപ്രാളമാണവർ കാട്ടുന്നത്. അക്കരപ്പച്ച തേടി നടക്കുന്നവർക്ക് അധികാരവും സമ്പത്തുമാണ് ലക്ഷ്യം. ജനങ്ങൾ ഇടതുപക്ഷത്തിന് നൽകിയ മാൻഡേറ്റിന് വിരുദ്ധമാണിത്. ജനാധിപത്യത്തിന്റെ അധഃപതനമാവുമെന്ന് മാത്രമല്ല, ഇടതു പക്ഷത്തിന് നാണക്കേടുമാകും. തുടർഭരണ സാദ്ധ്യത നിലനിൽക്കെ പുതിയ പാർട്ടികളെ മുന്നണിയിലേക്ക് എടുക്കുന്നത് ഭരണത്തിലേറ്റിയ ജനങ്ങളിൽ വലിയ അമർഷം ഉണ്ടാക്കും. രാഷ്ട്രീയത്തിൽ അവസരവാദത്തിനാണ് സ്ഥാനമെന്നതിന്റെ തെളിവാണ് ലീഗിന്റെ നീക്കം.
മതേതരത്വം പറഞ്ഞ് മതാധിഷ്ഠിത പ്രവർത്തനങ്ങളാണ് രാഷ്ട്രീയ നേതാക്കൾ നടത്തുന്നത്. കുമാരനാശാനെയും ആർ.ശങ്കറിനെയും കണ്ണീരു കുടിപ്പിച്ചവരുടെ പിന്മുറക്കാരാണിപ്പോൾ തന്നെയും വേട്ടയാടാൻ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈഴവ സമുദായത്തിൽപ്പെട്ടവരെ രാഷ്ട്രീയമായി വളരാൻ അനുവദിക്കില്ല. ഒപ്പം നിൽക്കുന്നവർ ഇടയ്ക്കുവച്ച് കൂമ്പ് ഞെരിച്ചു കളയും. സമുദായത്തിൽപ്പെട്ടവർ രാഷ്ട്രീയമായി അന്യം നിന്നുകൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ.പി.ആർ.ജയചന്ദ്രൻ അദ്ധ്യക്ഷനായി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർ പി.കെ.പ്രസന്നൻ സംഘടനാസന്ദേശം നൽകി.യോഗം കൗൺസിലർ സി.എം.ബാബു തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു.
എസ്.എൻ.പി.സി വൈസ് പ്രസിഡന്റ് ഡോ.കെ.സോമൻ പ്രമേയവും സെക്രട്ടറി കെ.എം.സജീവ് റിപ്പോർട്ടും ട്രഷറർ ഡോ.ആർ.ബോസ് കണക്കും അവതരിപ്പിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ്, യോഗം ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജൻ, ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ, എസ്.എൻ.ഇ.എഫ് പ്രസിഡന്റ് എസ്.അജുലാൽ,സൈബർസേന ചെയർമാൻ അനീഷ് പുല്ലുവേലിൽ എം.എൻ.ശശിധരൻ,പി.ഡി.ഗഗാറിൻ എന്നിവർ സംസാരിച്ചു.