
ആലപ്പുഴ: മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് മുടങ്ങിയതോടെ ജില്ലയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെ മുഴുവൻ സർക്കാർ ആശുപത്രികളിലേക്കുമുള്ള മരുന്ന് വിതരണം താറുമാറായി. ജീവൻ രക്ഷാ മരുന്നുകളും ആന്റി ബയോട്ടിക്കുകളും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങി ജീവിതശൈലീ രോഗങ്ങൾക്കുമുള്ള മരുന്നുകൾ മിക്ക ആശുപത്രികളിലും ദിവസങ്ങളായി സ്റ്റോക്കില്ല.
മെഡിക്കൽ ഓഫീസർമാരുൾപ്പെടെ ആശുപത്രികളിലെയും ആരോഗ്യവകുപ്പിലെയും ജീവനക്കാർ നവകേരള സദസുമായി ബന്ധപ്പെട്ട പരിപാടികളുടെ തിരക്കിലകപ്പെട്ടതോടെ മരുന്നെത്തിക്കാൻ ബദൽ സംവിധാനങ്ങളും ഇല്ലാതായി. കഴിഞ്ഞ ഒരാഴ്ചയായി മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിട്ട ആലപ്പുഴ മെഡിക്കൽ കോളേജിൽ ശനിയാഴ്ച മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഒരു വാഹനം വാടകയ്ക്ക് വിളിച്ചാണ് അത്യാവശ്യ മരുന്നുകളെത്തിച്ചത്. എന്നാൽ ആശുപത്രിയിലെ ഒ.പി , ഐ.പി ഫാർമസികളിലും തീയേറ്റർ, ഐ.സി.യു, എമർജൻസി വിഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം പല മരുന്നുകൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. ജനറൽ ആശുപത്രി, ജില്ലാ, താലൂക്ക് ആശുപത്രികൾ, കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, വിവിധ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം പല മരുന്നുകളുമില്ല. വൈറൽ പനി വ്യാപകമായിട്ടും പനിപിടിച്ചെത്തുന്നവർക്ക് നൽകാൻ പാരസെറ്റാമോളോ ആന്റി ബയോട്ടിക്ക് മരുന്നുകളോ ഇല്ലാത്ത സ്ഥിതിയാണ്.
മറ്റ് വാഹനങ്ങളും ഉപയോഗിക്കാനായില്ല
1.മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ രണ്ട് ഇൻസുലേറ്റഡ് ലോറികളിലാണ് ജില്ലയിലെ എല്ലാ ആശുപത്രികളിലും മരുന്ന് എത്തിച്ചിരുന്നത്. ഇവയ്ക്ക് പതിനഞ്ച് വർഷത്തിലേറെ പഴക്കമുണ്ട്
2.ഫിറ്റ്നസ് ടെസ്റ്റ് നടത്താതെ ഈ ലോറികൾ റോഡിലിറക്കാനാകാത്തതിനാൽ നവംബർ അവസാനം മുതൽ ഇവയിൽ മരുന്നെത്തിക്കുന്നത് മുടങ്ങി.
3.അത്യാവശ്യഘട്ടങ്ങളിൽ ഹെൽത്ത് സെന്ററുകളിലെ വാഹനങ്ങളും ആശുപത്രിയിലെ ആംബുലൻസുകളും വണ്ടാനത്തെ കോർപ്പറേഷൻ ഗോഡൗണിലെത്തി മരുന്ന് കൊണ്ടുപോകുമായിരുന്നു
4.നവകേരള സദസുമായി ബന്ധപ്പെട്ട മെഡിക്കൽ ക്യാമ്പുകളും മറ്റും കാരണം ഈമാസം ആശുപത്രികൾക്ക് സ്വന്തം വാഹനങ്ങൾ ഉപയോഗപ്പെടുത്തി മരുന്നെടുക്കാൻ കഴിഞ്ഞില്ല
ലിഫ്ടും തകരാറിൽ
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഗോഡൗണിലെ മുകൾനിലകളിൽ സൂക്ഷിക്കുന്ന മരുന്നുകൾ ലിഫ്റ്റ് വഴി താഴെയെത്തിച്ചാണ് മരുന്ന് വാഹനങ്ങളിൽ കയറ്റിപോയിക്കൊണ്ടിരുന്നത്. ലിഫ്റ്റ് തകരാറിലായതോടെ മുകളിൽ നിന്ന് മരുന്ന് താഴെ എത്തിക്കാനും ബദൽ മാർഗമില്ലാത്ത സ്ഥിതിയാണ്.
വാഹനങ്ങൾക്ക് ഫിറ്റ്നസ് മുടങ്ങിയ സാഹചര്യത്തിൽ വാഹനം വാടകയ്ക്കെടുത്ത് മരുന്ന് വിതരണത്തിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു വാഹനം വാടകയ്ക്കെടുക്കാൻ മാത്രമാണ് നിലവിൽ അനുമതിയുള്ളത്. അതനുസരിച്ച് വാഹനം ഉടൻ വാടകയ്ക്കെടുത്ത് മരുന്ന് വിതരണം പൂർവസ്ഥിതിയിലാക്കും. ലിഫ്റ്റിന്റെ തകരാറ് ഉടൻ പരിഹരിക്കും
- മാനേജർ, മെഡിക്കൽ സർവീസസ് കോർപ്പറേഷൻ , ആലപ്പുഴ