
കായംകുളം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിലും തുടർന്നുണ്ടായ ലാത്തിച്ചാർജ്ജിലും കായംകുളം സംഘർഷ ഭൂമിയായി.ലാത്തിച്ചാർജ്ജിലും ഡി.വൈ.എഫ്.ഐക്കാരുടെ ആക്രമണത്തിലും നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
ഹരിപ്പാട് നിന്ന് കായംകുളത്തേക്കുള്ള യാത്രയ്‌ക്കിടെ രാവിലെ പതിനൊന്ന് മണി കഴിഞ്ഞ് ദേശീയ പാതയിൽ പുത്തൻ റോഡ് മുക്കിലും കൊറ്റുകുളങ്ങരയിലുമാണ്
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാബാബുവിന്റെ നേതൃത്വത്തിൽ കരിങ്കൊടി കാട്ടിയത്.
പൊലീസ് ലാത്തിച്ചാർജ്ജിലും ഡി.വൈ.എഫ്.ഐക്കാരുടെ ആക്രമണത്തിലും മുപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. നവകേരള യാത്രക്ക് അകമ്പടിയായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ആക്രമണം അഴിച്ചുവിട്ടു.
റോഡിന്റെ കിഴക്കുഭാഗത്ത് നിന്ന് കരിങ്കൊടിയുമായി ഓടിയെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പല ഭാഗങ്ങളിൽ നിന്നായി കുതിച്ച് എത്തിയ പൊലീസ് കീഴ്പ്പെടുത്തുന്നതിനിടെ ഡി.വൈ.എഫ്.ഐക്കാരും രംഗത്തിറങ്ങി. ഇതിനിടെ സമീപത്തെ കച്ചവടക്കാരനെ ഡി.വൈ.എഫ്.ഐക്കാർ അക്രമിച്ചതും വീണ്ടും സംഘർഷത്തിന് ഇടയാക്കി. നാട്ടുകാർ ഡി.വൈ.എഫ്.ഐക്കാർക്ക് നേരെ തിരിഞ്ഞതോടെ ഒടുവിൽ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിഷേധത്തിന് മുമ്പ് സമീപത്തെ ചായക്കടയിൽ നിൽക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈർ വള്ളികുന്നത്തിനെ ഡി.വൈ.എഫ്.ഐക്കാർ വളഞ്ഞിട്ട് അക്രമിച്ചു. സാരമായി മർദ്ദനമേറ്റ ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
എട്ടോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തു. വിവിധ സംഭവങ്ങളിൽ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.