photo

ചേർത്തല: മുന്നിൽ ഇടതുഭാഗത്തെ ടയർ ഇല്ലാത്ത കാറോടിച്ച് യുവാവിന്റെ പരാക്രമം. മദ്യലഹരിയിലായിരുന്ന ഇയാൾ അപകടകരമായി കാറോടിച്ച് വഴിയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു. 11പേർക്ക് പരിക്കേ​റ്റു. അപകടംവരുത്തിയ പ്രതി ഉദയനാപുരം പുത്തൻവീട് ദീപൻനായരെ (28) ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടു ഇരുചക്ര വാഹനങ്ങളും രണ്ട് കാറുകളും ഒരു ഓട്ടോറിക്ഷയുമടക്കം 11 വാഹനങ്ങൾ ഇടിച്ചുതകർത്തായിരുന്നു യുവാവിന്റെ കാറോട്ടം.

വാരനാട് കവലയ്ക്കുസമീപം മ​റ്റൊരു കാറിലിടിച്ചു നിന്ന വാഹനത്തിൽ നിന്ന് പൊലീസും നാട്ടുകാരും ചേർന്നാണ് ദീപൻനായരെ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 11.30മുതൽ 12.30 വരെയായിരുന്നു നാടിനെ വിറപ്പിച്ച കാറോട്ടം. അരൂരിൽ ഒരു വാഹനത്തിൽ ഇടിച്ച ശേഷം കാർ അരൂക്കു​റ്റി റൂട്ടിലേക്കു കടന്ന വിവരം അറിഞ്ഞ് പൂച്ചാക്കൽ പൊലീസ് സ്‌​റ്റേഷനുമുന്നിൽ പൊലീസുകാർ വാഹനം തടയാൻ ശ്രമിച്ചെങ്കിലും പാഞ്ഞടുത്ത വാഹനം നിറുത്താതെ പോയി. ഓടിമാറിയ പൊലീസുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പൊലീസ് വാഹനത്തിൽ പിന്തുടരുമ്പോഴും ആളുകളെയും വാഹനങ്ങളെയും ഇടിച്ചിട്ട് കാർ മുന്നോട്ടു കുതിക്കുകയായിരുന്നു. ചേർത്തല - തണ്ണീർമുക്കം റോഡിലേക്ക് പ്രവേശിച്ച കാർ വാരനാട് കവലയ്ക്ക് സമീപം മ​റ്റൊരു കാറിൽ ഇടിച്ചുനിന്നപ്പോൾ പുറത്തിറങ്ങിയ ദീപൻനായർ നാട്ടുകാർക്കും പൊലീസിനും നേരെ പാഞ്ഞടുത്ത് അക്രമിക്കാൻ ശ്രമിച്ചു.തുടർന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി.
അരൂരിലെത്തുന്നതിനുമുമ്പും ഇയാളുടെ വാഹനം നിരവധി വാഹനങ്ങളിലിടിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കാറിന്റെ മുൻ ഭാഗം പൂർണമായി തകർന്നു. പരിക്കേറ്റ ഇരുചക്ര വാഹനയാത്രക്കാരായ കടക്കരപ്പളളി കോവിലകം ജിതിൻ(37),തൈക്കാട്ടുശേരി ചോഴേക്കാട്ടിൽ കെ.എ.അഞ്ജു(32),ചേർത്തല മാടക്കൽ തറയിൽ വിഷ്ണുദിനേശൻ(28) എന്നിവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മ​റ്റുള്ളവരുംവിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.