chirappu

ആലപ്പുഴ: മുല്ലയ്‌ക്കൽ ചിറപ്പ് ഉത്സവത്തിന് ഇന്ന് തുടക്കം. ഇത്തവണത്തെ ചിറപ്പ് ഉത്സവം പരിസ്ഥിതി സൗഹൃദമായി ആഘോഷിക്കാനാണ് നഗരസഭയുടെ തീരുമാനം. ചിറപ്പിനോടനുബന്ധിച്ച് താത്കാലികമായി സ്ഥാപിച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാസ്ഥാപനങ്ങളും ആഘോഷങ്ങളും ഹരിതചട്ടം പാലിച്ചാകും പ്രവർത്തിക്കുക. താത്കാലിക വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം അതത് ദിവസം ശേഖരിച്ച് ശുചിത്വമിഷന്റെ അംഗീകൃത ഏജൻസികൾക്ക് കൈമാറും.

മുല്ലക്കൽ തെരുവ് ശുചീകരിക്കാൻ നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവരടങ്ങുന്ന സംഘത്തെ വിന്യസിക്കാനും നഗരസഭ കൗൺസിൽ തീരുമാനിച്ചു. കൗൺസിൽയോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ജി.സതീദേവി, എം.ആർ.പ്രേം, ആർ.വിനിത, സെക്രട്ടറി എ.എം.മുംതാസ്, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, മാലിന്യ മുക്ത നവകേരളം നോഡൽ ഓഫീസർ ജയകുമാർ, അസിസ്റ്റൻറ് എൻജിനിയർ അലിസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

വൈദ്യസഹായം ഉറപ്പാക്കും

# പൊതുജനങ്ങൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിന് ജനറൽ ആശുപത്രി, പാലിയേറ്റീവ് കെയർ സംഘങ്ങളുടെ മെഡിക്കൽ എയ്ഡ് പോസ്റ്റും, ആംബുലൻസ് സേവനവും സജ്ജമാക്കും

# അന്യസംസ്ഥാന തൊഴിലാളികൾ അടക്കം നഗരത്തിൽ ക്യാമ്പ് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗത്തിന്റെയും എയ്ഡ്‌സ് കൺട്രോൾ യൂണിറ്റിന്റെയും സഹകരണത്തോടെ പരിശോധനകൾ ശക്തമാക്കും

# കല്ലുപാലം, നഗരചത്വരം, അതിന് എതിർവശം, എസ്.ഡി.വി സെന്റനറി ഹാളിന് സമീപത്തെ എയ്‌റോബിക് യൂണിറ്റിന് സമീപം എന്നിവിടങ്ങളിൽ പൊതുടോയ്ലറ്റുകൾ സജ്ജമാക്കും