sop

ആലപ്പുഴ: സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിശീലിക്കുന്ന ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സോപാൻ ടെസ്റ്റുകൾ മൂന്നു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പിലൂടെ 31ന് മുമ്പ് നടത്തണമെന്ന നിർദ്ദേശത്തിനെതിരെ അദ്ധ്യാപകരും രക്ഷിതാക്കളും രംഗത്ത്. സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയത്തിന്റേതാണ് നിർദ്ദേശം. മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പും ഒരു ദിവസത്തെ പരീക്ഷയുമാണ് മുൻ വർഷങ്ങളിലെ പതിവ്. അത് അനുസരിച്ച്

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി നവംബറിന് മുമ്പ് ത്രിദിന സഹവാസ ക്യാമ്പ് എല്ലാസ്‌കൂളുകളും സംഘടിപ്പിച്ചു കഴിഞ്ഞതായും കഴിഞ്ഞ മാസം പകുതിയോടെയാണ് ടെസ്റ്റിന്റെ സർക്കുലർ സ്‌കൂളുകളിൽ ലഭിച്ചതെന്നും അദ്ധ്യാപകർ പറയുന്നു.

പരീക്ഷാക്കാലത്തെ പ്രതിസന്ധി

# ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ രണ്ടാംവർഷ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22ന് തുടങ്ങും. ജനുവരി 4 മുതൽ സ്‌കൂൾ കലോത്സവും നടക്കും

# എല്ലാ സ്‌കൂളിലും റിവിഷൻ ക്ലാസുകളും സീരീസ് ടെസ്റ്റുകളും നടക്കുന്ന സമയമാണിത്. ഇതിനിടെ കുട്ടികളെ ക്യാമ്പിലൂടെ പരീക്ഷയ്ക്ക് ഹാജരാക്കണമെന്ന ആവശ്യം അവരെ

പ്രതിസന്ധിയിലാക്കും

# മൂന്ന് ദിവസത്തെ ക്യാമ്പിന്റെ ചെലവിനായി 600 മുതൽ 1000 രൂപ വരെ ഒരോ വിദ്യാർത്ഥികളിൽ നിന്നും പിരിവെടുക്കണമെന്നാണ് വാക്കാൽ നിർദ്ദേശം

# എല്ലാ സ്‌കൂളുകളും വാർഷിക ക്യാമ്പ് നടത്തിയ സ്ഥിതിക്ക് മുൻ വർഷങ്ങളിലേതു പോലെ ഒരു ദിവസത്തെ പരീക്ഷ ക്രമീകരിച്ചാൽ മതിയാവും

ദ്വിതീയ സോപാൻ പരീക്ഷ


സ്‌കൗട്ടിങ്ങിലെ ആദ്യത്തെ ബാഡ്ജാണ് പ്രവേശ്. അത് ലഭിച്ച് ആറുമാസത്തിന് ശേഷമാണ് പ്രഥമ സോപാൻ ബാഡ്ജ് നൽകുന്നത്. അത് ലഭിച്ച് ഒമ്പതു മാസം ദ്വിതീയ സോപാൻ സിലബസനുസരിച്ച് വിവിധ സേവനപ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കുകയും സ്‌കൗട്ടിങ്ങിലെ പ്രധാന കാര്യങ്ങളിൽ അറിവ് പരിശോധിക്കുകയും ചെയ്യും. ലോക്കൽ അസോസിയേഷനാണ് ദ്വീതീയ സോപാൻ ടെസ്റ്റ് നടത്തുന്നത്.

വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് അനാവശ്യമായി സമയം കവർന്നെടുക്കുന്ന തരത്തിലും സാമ്പത്തിക ബാധ്യത വരുത്തുന്ന തരത്തിലുമുള്ള ക്യാമ്പുകൾ നടത്തുന്നതിൽ നിന്ന് സ്‌കൗട്ട് ആൻഡ് ഗൈഡ് പിന്മാറണം

- എസ്.മനോജ് ,​ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ