
ചാരുംമൂട് : സമൂഹമാദ്ധ്യമം വഴി പെൺകുട്ടികളെ പരിചയപ്പെടുകയും
സ്വർണാഭരണങ്ങൾ കൈക്കലാക്കിയശേഷം പീഡിപ്പിച്ച് മുങ്ങുകയും ചെയ്യുന്ന യുവാവ് പിടിയിൽ. പത്തനാപുരം പൂങ്കുളഞ്ഞി ഷാ മനസിലിൽ ഷാ (26) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്. നൂറനാട് സ്വദേശിനിയായ 18കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ആഭരണങ്ങൾ കൈക്കലാക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസ് പറയുന്നത് : ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുകയും സൗഹൃദം നടിച്ച് പെൺകുട്ടിയുടെ ആഭരണങ്ങൾ കൈക്കലാക്കി പണയംവച്ചു. ആഴ്ചകൾ കഴിഞ്ഞിട്ടും ആഭരണം തിരിച്ചുനൽകിയില്ല. ഇതോടെ പെൺകുട്ടിയുടെ വീട്ടിൽ പോലും പറയാൻ കഴിയാത്ത സ്ഥിതിയായി. ഇതിനിടെ സ്വർണാഭരണങ്ങൾ തിരികെ തരാമെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ് പെൺകുട്ടിയെ ഭരണിക്കാവിലെ ഷായുടെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം സ്വർണാഭരണങ്ങൾ തിരികെ എടുത്തു തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിലെത്തിച്ച ശേഷം പ്രതി കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടി നൂറനാട് പൊലീസിൽ പരാതിനൽകുകയായിരുന്നു.കഴിഞ്ഞ ദിവസം ശാസ്താംകോട്ട നിന്നാണ് ഷായെ അറസ്റ്റ് ചെയ്‌തത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി പെൺകുട്ടികളുടെ ഫോട്ടോയും മെസേജുകളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതിക്കെതിരെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ട്. പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു. സി.ഐ ശ്രീജിത്ത് പി, എസ്.ഐ നിതീഷ്.എസ്, എസ്.ഐ. സുഭാഷ് ബാബു, സി.പി.ഒ മാരായ സിനു വർഗീസ്, ജയേഷ്, പ്രസന്നകുമാരി, വിഷ്ണു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.