anvitha

മാന്നാർ: കുട്ടികളായ ഞങ്ങൾക്ക് ഉല്ലസിക്കാൻ ഒരു പാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി കാത്തിരിപ്പാണ് നാലു വയസുകാരി അൻവിത. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നടന്ന നവ കേരള സദസിനോട് അനുബന്ധിച്ച് ഉണ്ടായിരുന്ന കൗണ്ടറിലാണ് അൻവിത നിവേദനം സമർപ്പിച്ചത്. മാന്നാറിൽ ഞങ്ങൾ കുട്ടികൾക്ക് പേടി കൂടാതെ കളിക്കാൻ നല്ലൊരു പാർക്ക് അനുവദിച്ചു തരുമോ മുഖ്യമന്ത്രി അപ്പൂപ്പാ എന്നായിരുന്നു അൻവിത നൽകിയ നിവേദനത്തിലെ കുറിപ്പ്. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുട്ടേമ്പേരൂർ കൈമാട്ടിൽ വീട്ടിൽ വിനീതിന്റെയും ആതിരയുടെയും മകളായ അൻവിത മാന്നാർ അക്ഷര നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ്. മുഖ്യമന്ത്രി അപ്പൂപ്പൻ പാർക്ക് അനുവദിച്ച് തരുമെന്ന പ്രതീക്ഷയിൽ നിവേദനം സമർപ്പിച്ചപ്പോൾ ലഭിച്ച അൻവിതയുടെ പേരിലുള്ള കൈപ്പറ്റ് രസീതുമായുള്ള കാത്തിരിപ്പിലാണ് ഈ കൊച്ചുമിടുക്കി.